അഞ്ചല്‍: കൊല്ലം അഞ്ചലില്‍ പാമ്പ് കടിയേറ്റ് ചികിത്സയില്‍ ഇരുന്ന യുവതി വീണ്ടും പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സൂരജിനെ ചോദ്യം ചെയ്യും. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സൂരജിനെ ചോദ്യം ചെയ്യുക. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം മരിച്ച ഉത്രയുടെ വീട്ടില്‍ നിന്നു ഇന്നലെ തെളിവുകള്‍ ശേഖരിച്ചിരുന്നു.
യുവതിയുടെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ഭര്‍ത്താവ് സൂരജിനെ ചോദ്യം ചെയ്യുന്നത്. അടച്ചുറപ്പുള്ള എസി മുറിയില്‍ ഉറങ്ങിക്കിടന്ന ഉത്രയ്ക്ക് പാമ്പുകടിയേറ്റതില്‍ ഭര്‍ത്താവിന് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി ഉത്രയുടെ മാതാപിതാക്കള്‍ പറഞ്ഞിരുന്നു
സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ കൊല്ലം റൂറല്‍ എസ്പിക്ക് പരാതി നല്കി. സൂരജ് പാമ്പുകളെ കയ്യിലെടുത്ത് കളിപ്പിക്കാറുണ്ടെന്ന് ഉത്രയുടെ ബന്ധുക്കള്‍ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. അടൂരിലെ ഭര്‍ത്തൃ വീട്ടില്‍ സംഭവത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ഉത്ര പാമ്പിനെ കണ്ടിരുന്നു. സൂരജ് ഇതിനെ കൈ കൊണ്ട് പിടിച്ചു ചാക്കിലാക്കിയതായി ഉത്ര പറഞ്ഞിരുന്നെന്നും ബന്ധുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്.