തിരുവനന്തപുരം: മദ്യ വില്‍പ്പനയ്ക്കുള്ള ബെവ്ക്യൂ ആപ്പിന് ഗൂഗിള്‍ അനുമതി നല്കി. ആപ്പിന്റെ ബീറ്റാ വെര്‍ഷനാണ് അനുമതിയായത്. പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചതായി ഫെയര്‍കോഡ് കമ്പനി പ്രതിനിധികള്‍ വ്യക്തമാക്കി. ട്രയല്‍ റണ്ണിനും ബുക്കിംഗിനും ശേഷം വ്യാഴാഴ്ച്ച മുതല്‍ മദ്യ വില്പന ആരംഭിക്കാനാണ് സാധ്യത.
ട്രയല്‍ റണ്ണിന് ശേഷം മദ്യ വില്പ്ന ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. ഇന്ന് ഒരു ദിവസത്തെ ട്രയലിന് ശേഷം നാളെ മുതല്‍ ആപ്ലിക്കേഷന്‍ ഗൂഗില്‍ പ്ലെ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാനാകും. നാളെ ഒരു ദിവസത്തെ ബുക്കിംഗ് സ്വീകരിച്ച ശേഷം വ്യാഴാഴ്ച്ച മുതല്‍ മദ്യ വില്പന ആരംഭിക്കാനാണ് സാധ്യത. ആപ്പിന് അനുമതി ലഭിച്ചു കൊണ്ടുള്ള സന്ദേശം രാവിലെയാണ് ആപ്പ് നിര്‍മിക്കുന്ന ഫെയര്‍കോഡ് കമ്പനിയ്ക്ക് ലഭ്യമായത്. മൊബൈല്‍ ആപ്ലിക്കേഷന്‍ പുറമെ സാധാരണ ഫോണില്‍ നിന്നും എസ്എംഎസ് വഴിയും വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്യാം.
പേരും ഫോണ്‍ നമ്പരും സ്ഥലത്തെ സൂചിപ്പിക്കുന്ന അടയാളവും. നല്‍കിയാണ് ബുക്ക് ചെയ്യേണ്ടത്. വ്യക്തിവിവരങ്ങള്‍ ചോദിക്കില്ല. ആപ് വഴി മദ്യത്തിന്റെ ബ്രാന്‍ഡ് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുക്കാനാകില്ല. ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ടോക്കണ്‍ നമ്പര്‍ അതില്‍ പറയുന്ന സമയത്ത് പറയുന്ന കേന്ദ്രത്തില്‍ ഹാജരാക്കണം. അവിടെ ബ്രാന്‍ഡ് തെരഞ്ഞെടുത്ത് പണമടയ്ക്കാം. ഒരു തവണ ബുക്ക് ചെയ്താല്‍ 4 ദിവസം കഴിഞ്ഞേ വീണ്ടും മദ്യം ബുക്ക് ചെയ്യാനാകൂ. പരമാവധി 3 ലിറ്റര്‍ മദ്യം വാങ്ങാം. 35 ലക്ഷം ആളുകള്‍ ഒരുമിച്ച് മദ്യം ബുക്ക് ചെയ്താലും പ്രശ്നമില്ലാത്ത രീതിയിലാണ് ആപ് തയാറാക്കിയിരിക്കുന്നതെന്നാണ് അധികൃതരുടെ അവകാശവാദം.
തിരക്കുള്ള ദിവസങ്ങളില്‍ 10.5 ലക്ഷം ആളുകള്‍ വരെയാണ് ബീവറേജ് ഷോപ്പുകളിലെത്തുന്നത്. ഇത്രയും ദിവസം മദ്യശാലകള്‍ അടഞ്ഞു കിടന്നതിനാല്‍ കൂടുതല്‍ ആളുകള്‍ ആപ് ഉപയോഗിക്കുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്.