കൊച്ചി: ഒരു നര്‍ത്തകിയുടെ ജീവിതത്തില്‍ ലോക്ക് ഡൗണ്‍ കാലത്തു നടക്കുന്ന ചില സംഭവങ്ങളുടെ കഥ സിനിമയാകുന്നു. നവാഗതനായ രമേശ് എസ് മകയിരം രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘ലോല’യുടെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. പ്രശസ്ത സംവിധായകര്‍ കെ.മധു, ബ്ലസി, ലാല്‍ ജോസ്, ഡോ. ബിജു, ജി. മാര്‍ത്താണ്ഡന്‍, മധുപാല്‍, പ്രദീപ് നായര്‍, ഗിന്നസ് പക്രു, ഷിബു ഗംഗാധരന്‍, സലിം കുമാര്‍ ,സജിത് ജഗത്നന്ദന്‍, കെ. ആര്‍. പ്രവീണ്‍ എന്നിവര്‍ ചേര്‍ന്നാണ് ടൈറ്റില്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ റിലീസ് ചെയ്തത്.
ലോലയിലെ നായികയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും മറ്റു നടീനടന്മാരെയും ഓഡീഷന്‍ വഴി തെരഞ്ഞെടുക്കുമെന്നും നിര്‍മ്മാതാക്കളായ പുതുപുരക്കല്‍ ഫിലിംസും സംവിധായകനും അറിയിച്ചു. ജൂണ്‍, ജൂലൈ മാസങ്ങളില്‍ ചിത്രീകരണം ആരംഭിക്കുന്ന ലോലയുടെ പ്രധാന ലൊക്കേഷന്‍ തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ ആയിരിക്കും. 3 ഗാനങ്ങള്‍ ഉള്ള സിനിമയില്‍ പ്രശസ്ത കവി രാജന്‍ കൈലാസ് എഴുതുന്ന വരികള്‍ക്ക് ഗിരീഷ് നാരായണ്‍ സംഗീതം പകരും. ലോലയില്‍ പുതിയ ഗായകരയെയും അണിയറ പ്രവര്‍ത്തകര്‍ തേടുന്നുണ്ട്.
എസ്. ശശിധരന്‍ പിള്ളയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനോജ് പി അയ്യപ്പന്‍ ഛായഗ്രഹണം നിര്‍വ്വഹിക്കുമ്പോള്‍ റഷിന്‍ അഹമ്മദാണ് ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത്. ലോക്ക് ഡൗണ്‍ ഇളവുകളില്‍ നിന്നുകൊണ്ട് എല്ലാ സുരക്ഷാ മുന്‍കരുതലുകളും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങളും പൂര്‍ണമായി അനുസരിച്ച് കൊണ്ടായിരിക്കും ചിത്രീകരണം നടത്തുകയെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.















