ന്യൂഡല്‍ഹി : ഗാല്‍വന്‍ താഴ്‌വരയില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ ചൈന നടത്തിയ ആക്രമണം ആസൂത്രിതം. ഇന്ത്യന്‍ സൈന്യത്തിന് നേരെ ആക്രമണം നടത്താന്‍ ചൈന നേരത്തെ പദ്ധതിയിട്ടിരുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട് . സംഘര്‍ഷം ഉണ്ടാകുന്നതിന് മുന്‍പ് പ്രദേശത്ത് ചൈന നിരീക്ഷണം നടത്തിയിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആക്രമണം നടത്തുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ താഴ്‌വരയിലെ സൈനിക വിന്യാസം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ ചൈന ആരംഭിച്ചിരുന്നു. ഇതിനായി ആളില്ല ഏരിയല്‍ വിമാനങ്ങള്‍ ഉപയോഗിച്ച് ചൈനീസ് സൈന്യം നിരീക്ഷണം നടത്തി. ഇതിന് പുറമേ നദിയുടെ ഗതിമാറ്റി ഇന്ത്യന്‍ സൈന്യം വിന്യസിക്കുന്ന ഭാഗത്തേക്ക് കൂടുതല്‍ ഒഴുക്ക് ഉണ്ടാക്കാന്‍ ചൈനീസ് സൈന്യം ശ്രമിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ആക്രമണത്തിനിടെ നദിയില്‍ വീഴുന്ന സൈനികര്‍ രക്ഷപ്പെടാതിരിക്കാനാണ് നദിയുടെ ഗതിമാറ്റിയത്. ഇതിന് പുറമേ ഇന്ത്യന്‍ സൈന്യത്തെ ആക്രമിക്കുന്നതിനായി ഉയര്‍ന്ന പ്രദേശങ്ങളില്‍ കൂറ്റന്‍ പാറക്കല്ലുകളും ചൈനീസ് സൈന്യം ഖേരിച്ച് വെച്ചിരുന്നു. ഇന്ത്യന്‍ സൈനികരുടെ എണ്ണത്തിനനുസരിച്ച് സൈനിക വിന്യാസം വര്‍ധിപ്പിക്കുന്നതിനാണ് ചൈന ആളില്ലാ ഏരിയല്‍ വിമാനങ്ങള്‍ ഉപയോഗിച്ച് പ്രദേശത്ത് നിരീക്ഷണം നടത്തിയത് എന്നാണ് സൂചന.
അതേസമയം ആക്രമണം അപ്രതീക്ഷിതമായിരുന്നിട്ടും ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ ഏകദേശം നാല്‍പ്പതോളം ചൈനീസ് സൈനികര്‍ മരിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവശേഷം അമേരിക്ക പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഒരു കമാന്റിംഗ് ഓഫീസര്‍ ഉള്‍പ്പെടെ 35 ചൈനീസ് സൈനികര്‍ മരിച്ചതായാണ് വ്യക്തമാക്കുന്നത്.















