ലക്നൗ : ചൈനീസ് നിർമ്മിത വൈദ്യുതി മീറ്ററുകൾ സ്ഥാപിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പൊതുജന വികാരം കണക്കാക്കിയാണ് വൈദ്യുതി മീറ്ററുകൾ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി മുഖ്യമന്ത്രി സംസ്ഥാന വൈദ്യുതി ബോർഡിന് നിർദ്ദേശം പുറപ്പെടുവിച്ചു.
സംസ്ഥാനത്തെ ഭൂരിഭാഗം വീടുകളിലും ചൈനീസ് നിർമ്മിത വൈദ്യുതി മീറ്ററുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. പഴക്കം ചെല്ലുന്നതിന് മുൻപേ മീറ്ററുകൾ കേടുവരുന്നതായി വിവിധയിടങ്ങളിൽ നിന്നും പരാതികൾ ഉയർന്നിരുന്നു. ഈ പരാതികൾ വർദ്ധിച്ച സാഹചര്യത്തിലാണ് വൈദ്യുതി മീറ്ററുകൾ സ്ഥാപിക്കുന്നതിന് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. ഇതിന് പുറമേ വൈദ്യുതി മീറ്ററുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾക്കായി ചൈനാ കമ്പനികളുമായി ഉണ്ടാക്കിയ കരാറിന്റെ വിശദാംശങ്ങളും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം മീറ്ററുകൾക്ക് നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ആൾ ഇന്ത്യ പവർ എൻജിനീയേഴ്സ് ഫെഡറേഷൻ അദ്ധ്യക്ഷൻ ശൈലേന്ദ്ര ദുബൈ അറിയിച്ചു. പവർ പ്ലാന്റുകളിലേക്കുള്ള ബോയിലറുകൾ, ട്യൂബുകൾ തുടങ്ങിയ സാമഗ്രികൾ എത്തിക്കുന്നത് ചൈനീസ് കമ്പനികളാണ്. ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് ചൈനയിൽ നിന്നും ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നത്.
ഇനി മുതൽ സാധന സാമഗ്രികൾക്കായി പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിനെ സമീപിക്കും. ഇത് ആത്മനിർഭർ പദ്ധതിയുടെ യഥാർത്ഥ ലക്ഷ്യം കൈവരിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.