ലക്നൗ : സംസ്ഥാനത്തെ ഒരു കോടി ജനങ്ങള്‍ക്ക് തൊഴില്‍ നല്കാന് ഒരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട തൊഴില്‍ പ്രഖ്യാപനം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വെള്ളിയാഴ്ച നടത്തും. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി സംഘടിപ്പിക്കുന്ന ചടങ്ങിലാകും യോഗി ആദിത്യനാഥ് തൊഴില്‍ പ്രഖ്യാപനം നടത്തുക.
വെള്ളിയാഴ്ച സംഘടിപ്പിക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കും. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ഒരു കോടി ജനങ്ങള്‍ക്ക് തൊഴില്‍ നല്കാന് ഒരുങ്ങുന്നത്. കൊറോണയുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിനെ തുടര്‍ന്ന് ജോലി നഷ്ടമായ തൊഴിലാളികള്‍ക്കാണ് ഇതുവഴി ഏറ്റവും വലിയ ഗുണം ലഭിക്കുക എന്നാണ് വിലയിരുത്തല്‍.
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലാണ് 50 ശതമാനം ആളുകള്‍ക്കും സര്‍ക്കാര്‍ തൊഴില്‍ നല്‍കുന്നത്. സംസ്ഥാനത്ത് ആകെ 1.80 കോടി എംജിഎന്‍ആര്‍ഇജിഎസ് തൊഴില്‍ കാര്‍ഡുടമകളാണ് ഉള്ളത്. ഇതില്‍ 85 ലക്ഷം കാര്‍ഡ് ഉടമകള്‍ സജ്ജീവമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
നേരത്തെ ലോക്ക് ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്തേക്ക് എത്തിയ തൊഴിലാളികളുടെ കഴിവുകള്‍ എന്തൊക്കെയെന്ന് കണ്ടെത്താന്‍ മുഖ്യമന്ത്രി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ അടിസ്ഥാനപ്പെടുത്തിയാകും സര്‍ക്കാര്‍ തൊഴിലാളികള്‍ക്കുള്ള തൊഴിലുകള്‍ പ്രഖ്യാപിക്കുക. നദികളുടെ നവീകരണത്തിന് പുറമേ റോഡ് നിര്‍മ്മാണം, കുളം കുഴിക്കല്‍, പ്ലാന്റേഷനുകള്‍ക്കായി കുഴികള്‍ എടുക്കുക തുടങ്ങിയവയും ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കുള്ളില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പുറമേ കൂടുതല്‍ തൊഴില്‍ സാദ്ധ്യതകള്‍ സൃഷ്ടിക്കാന്‍ മറ്റ് പല വിഭാഗങ്ങളോടും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സൂക്ഷമ ചെറുകിട ഇടത്തരം സംരംഭകര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, ഹോര്‍ട്ടികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റ്, കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ എന്നിവയോടും അധിക തൊഴിൽ സാദ്ധ്യത സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. നാഷണല്‍ റിയല്‍ എസ്റ്റേറ്റ് ഡെവലപ്മെന്റ് കൗണ്‍സില്‍ സംസ്ഥാനത്തെ ഒരു ലക്ഷം ആളുകള്‍ക്കാണ് തൊഴില്‍ നല്‍കുന്നത്.