ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സില്‍ യോഗം നടന്നു. ആഗോള കൊറോണ മഹാമാരി വ്യാപകമായ ശേഷം പ്രതിനിധികള്‍ നേരിട്ട് പങ്കെടുക്കുന്ന ആദ്യ യോഗമാണ് ഇന്നലെ ന്യൂയോര്‍ക്കില്‍ നടന്നത്. മാര്‍ച്ച് മാസത്തില്‍ ആഗോള ലോക്ഡൗണ്‍ പ്രഖ്യാപനങ്ങള്‍ നിലവില്‍ വന്ന ശേഷം ഇത്തരം യോഗം ആദ്യമായാണെന്ന് പ്രതിനിധികള്‍ പറഞ്ഞു.
മൂന്നര മാസങ്ങള്‍ക്ക് ശേഷം എല്ലാ സുരക്ഷാ സമിതി അംഗങ്ങളും നേരിട്ട് കാണുന്നത് ഇത് ആദ്യമായാണ്. സുരക്ഷാ കൗണ്‍സിലിനെ സംബന്ധിച്ച് ആഗോളതലത്തിലെ ഇത്ര രൂക്ഷമായ പ്രതിസന്ധിക്കിടയില്‍ നേരിട്ടു കാണാനായതിന്റെ പ്രാധാന്യവും സന്തോഷവും എല്ലാ അംഗങ്ങളും പങ്കുവച്ചു. ഐക്യരാഷ്ട്ര സഭയുടെ ജർമ്മനിക്കായുള്ള സമിതിയുടെ കേന്ദ്രത്തിലാണ് യോഗം നടന്നത്. എല്ലാ പ്രതിനിധികളേയും ജര്മ്മനിക്കുവേണ്ടിയും സ്വാഗതം ചെയ്യാനായതിന്റെ സന്തോഷം ജര്‍മ്മന്‍ സ്ഥാനപതി ക്രിസറ്റഫര് ഹ്യൂജെന് പങ്കുവച്ചു.
അടുത്ത മാസത്തേക്ക് സുരക്ഷാ കൗണ്‍സിലിന്റെ പതിവുരീതിയിലെ യോഗം സ്ഥിരം കേന്ദ്രമായ മാന്‍ഹാട്ടനില്‍ ചേരാനാകുമെന്ന പ്രതീക്ഷയിലാണ് എല്ലാവരുമെന്നും ഐക്യരാഷ്ട്രസഭാ പ്രതിനിധി അറിയിച്ചു. മാര്‍ച്ച് മാസത്തിലാണ് 15 അംഗ സമിതി വെര്‍ച്ച്വല്‍ രീതിയിലേക്ക് യോഗം ചേരുന്നത് മാറ്റിയത്. ന്യൂയോര്‍ക്ക് നഗരം കൊറോണ പ്രഭവ കേന്ദ്രമായതും ഐക്യരാഷ്ട്രസഭാ പ്രവര്‍ത്തനം വെര്‍ച്വല്‍ ലോകത്തേക്ക് മാറാന്‍ നിര്‍ബന്ധിതമായി. നിലവില്‍ ആകെ 400 സുപ്രധാന ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് ഐക്യരാഷ്ട്രസഭാ ആസ്ഥാനത്തേക്ക് പ്രവേശനമുള്ളു.