ലക്നൗ : പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ മറവില്‍ കലാപം അഴിച്ചുവിട്ട് വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയവരെ വിടാതെ പിന്തുടര്ന്ന് യോഗി സര്‍ക്കാര്‍. ആക്രമണത്തിനിടെ പൊതുമുതല്‍ നശിപ്പിച്ചവരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ സര്‍ക്കാര്‍ പുന:രാരംഭിച്ചു. കലാപകാരികളുടെ ഉടമസ്ഥതയിലുള്ള രണ്ട് സ്ഥാനങ്ങള്‍ കഴിഞ്ഞ ദിവസം പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു.
ലക്നൗവിലെ ഹസാന്ഗഞ്ച് പ്രദേശത്തെ രണ്ട് സ്ഥാപനങ്ങളാണ് അധികൃതര്‍ പിടിച്ചെടുത്തത്. വരും ദിവസങ്ങളിലും നടപടി തുടരും. കുറ്റക്കാര്‍ക്കെതിരെ കൂടുതല്‍ നിയമ നടപടികള്‍ ഉണ്ടാകുമെന്നും സൂചനയുണ്ട്. ലക്നൗവില്‍ പൊതുമുതല്‍ നശിപ്പിച്ച 59 പേര്‍ക്കാണ് സര്‍ക്കാര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
പൊതുമുതല്‍ നശിപ്പിച്ചവരുടെ സ്വത്ത്വകകള് കണ്ടുകെട്ടുന്ന നടപടികള്‍ സര്‍ക്കാര്‍ ജനുവരിയില്‍ തന്നെ ആരംഭിച്ചിരുന്നു. എന്നാല്‍ പിന്നീട് കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നടപടികള്‍ നിര്‍ത്തിവെക്കാന്‍ അലഹബാദ് ഹൈക്കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.
പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ മറവില്‍ ഉണ്ടായ ആക്രമണങ്ങളില്‍ കോടി കണക്കണക്കിന് രൂപയുടെ നാശനശഷ്ടങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. ഇതില്‍ ലക്നൗവില്‍ മാത്രം 1.55 കോടി രൂപയുടെ പൊതുമുതല്‍ കലാപകാരികള്‍ നശിപ്പിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നോട്ടീസ് അയച്ചവരില്‍ കോണ്‍ഗ്രസ് നേതാവ് സദാഫ് സഫറും, ആക്ടിവിസ്റ്റ് മുഹമ്മദ് ഷോയ്ബും ഉള്‍പ്പെട്ടിട്ടുണ്ട്.