ജീൻ-എറ്റിയെൻ ലിയോടാർഡ് എന്ന സ്വിസ്സ് കലാകാരന്റ്റെ ചായക്കോൽ ചിത്രങ്ങളിൽ ഏറ്റവും പ്രസിദ്ധിയാർജ്ജിച്ച ഒന്നാണ് “ദി ചോക്ലേറ്റ് ഗേൾ “. 1743 -1744 കാലഘട്ടങ്ങളിൽ ആണ് അദ്ദേഹം ഈ ചിത്രം വരച്ചിരിക്കുന്നത് എന്ന് കരുതപ്പെടുന്നു . ചിത്രത്തിൽ അദ്ദേഹം വരച്ചിരിക്കുന്നത് പ്രസന്നത നിറഞ്ഞ മുഖഭാവമുള്ള ഒരു ചേമ്പർ ജോലിക്കാരി, ലാക്വർ ട്രേയിൽ ഒരു ഗ്ലാസ് വെള്ളവും ,ഒരു പോർസ്‌ലൈൻ കപ്പ് നിറയെ ഹോട്ട് ചോക്ലേറ്റ് പാനീയവുമായി നിൽക്കുന്നതാണ്.
ഒരു ചിത്രകാരന്മാരും അന്ന് വരെ തിരഞ്ഞെടുക്കാത്ത ഒരു പ്രമേയമായിരുന്നു ,ക്യാൻവാസിൽ വിരിയുന്ന സാധാരണ ഒരു വീട്ടുജോലിക്കാരിയുടെ ചിത്രം .സൂക്ഷ്മമായി ഈ ചിത്രത്തെ നിരീക്ഷിച്ചാൽ അത് പ്രതിഫലിപ്പിക്കുന്നത് പ്രബുദ്ധതയും പത്തൊൻപതാം നൂറ്റാണ്ടിനെയുമാണ് . ചായക്കോൽ ചിത്രങ്ങളെ എത്ര മനോഹരമാക്കാമെന്ന് ലിയോടാർഡ് ഈ ചിത്രത്തിലൂടെ നമ്മുക്ക് കാണിച്ചു തരുന്നു .
താൻ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ ചായക്കോൽ ചിത്രം എന്നാണ് , പ്രശസ്ത വെനീഷ്യൻ റോക്കോകോ ചിത്രകാരിയായ റോസൽബാ കരേയ്‌റ ചിത്രത്തെ വർണിച്ചത് . 1745 ൽ വെനീഷ്യൻ ചിന്തകനും കവിയും ആയിരുന്ന ഫ്രാൻസെസ്കോ അൽഗരോട്ടി, ഈ ചിത്രം ലിയോടാർഡിൽ നിന്നും നേരിട്ട് വാങ്ങുകയുണ്ടായി . 1747 – 1754 കാലഘട്ടത്തിൽ പോളണ്ടിലെ അന്നത്തെ രാജാവായിരുന്ന ആഗസ്റ്റ് 111 , തൻറ്റെ ചിത്രശേഖരത്തിലേക്കു “ദി ചോക്ലേറ്റ് ഗേൾ ” എന്ന ചിത്രവും ഉൾപ്പെടുത്തി.
ജർമ്മനിയിലെ ഡ്രെസ്ഡനിലുള്ള ഓൾഡ് ഗ്യാലറി എന്നറിയപ്പെടുന്ന മ്യൂസിയത്തിൽ 1855 മുതൽ ഈ ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നു . രണ്ടാം ലോകമഹായുദ്ധ കാലത്ത് ജർമ്മൻക്കാർ ഈ ചിത്രത്തെ യൂറോപ്പിലെ ഏറ്റവും വലിയ കുന്നിൻ കോട്ടകളിൽ ഒന്നായ കൊനിഗ്സ്റ്റെയ്ൻ കോട്ടയിലേക്ക് കൊണ്ട് പോയി . കോട്ടക്കുള്ളിലെ അതി കഠിനമായ തണുപ്പും പൊടിയും കൊണ്ട് കേടാകാതെ അതിലോലമായിരുന്ന ആ ചിത്രം ഭാഗ്യവശാൽ രക്ഷപ്പെട്ടു. സോവിയറ്റ് സൈന്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ നിന്ന് ജർമ്മനി പിന്മാറിയതിന് ശേഷം ഡ്രെസ്ഡനിലേക്ക് ഈ ചിത്രം തിരികെ കൊണ്ടുവന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഈ ചിത്രം സോവിയറ്റ് യൂണിയന്റ്റെ കൈവശമായിരുന്നു .
1862 ൽ അമേരിക്കയിലെ ഒരു ബേക്കിംഗ് കമ്പനിയായിരുന്ന “ബേക്കേഴ്‌സ് ചോക്ലേറ്റ് കമ്പനി ” തങ്ങളുടെ പരസ്യങ്ങളിൽ ഈ ചിത്രം ഉപയോഗിക്കാൻ വേണ്ടിയുള്ള റൈറ്റ് സ്വന്തമാക്കി . പത്തൊൻപതാം നൂറ്റാണ്ടിലാണ് ഈ ചിത്രം കൂടുതൽ പ്രസിദ്ധിയാർജ്ജിച്ചത് . കാരണം ഈ ചിത്രത്തെ അനുകരിച്ചു കൊണ്ടുള്ള മറ്റ് ചിത്രങ്ങൾ ആ സമയത്തുണ്ടായിരുന്ന പല കമ്പനികളും തങ്ങളുടെ പരസ്യങ്ങളിൽ ഉപയോഗിച്ചിരുന്നു .
1685 ൽ മതപരമായ കാരണങ്ങളാൽ നാടുകടത്തപ്പെട്ട ഹ്യൂഗോനോട്ട് ദമ്പതികൾക്ക് , 1702 ൽ ജനീവയിൽ വെച്ചാണ് ലിയോടാർഡ് ജനിച്ചത് . അത്യാധുനിക ഇനാമൽ കേസുകൾ കയറ്റി അയക്കുന്നതിൽ പ്രസിദ്ധിയാർജ്ജിച്ചിരുന്ന തന്റ്റെ ജന്മദേശത്ത് വെച്ച് തന്നെയാണ് ലിയോടാർഡ് വരയുടെ ബാലപാഠങ്ങൾ പഠിച്ചത് . ലിയോടാർഡിൻറ്റെ ചിത്രങ്ങൾ പ്രസിദ്ധിയാർജ്ജിച്ചത് അദ്ദേഹം യൂറോപ്പിൽ താമസിച്ചപ്പോഴായിരുന്നു . തന്റ്റെ ചിത്രങ്ങളിൽ വൈവിധ്യം നിലനിർത്തിയിരുന്ന ഒരു കലാകാരനായിരുന്നു ലിയോടാർഡ് . അദ്ദേഹത്തിന്റ്റെ മറ്റ് പ്രശസ്തമായ ചിത്രങ്ങൾ ലാ ലിസ്യൂസ്, ലാ ബെല്ലെ ലിയോനൈസ് എന്നിവയാണ് . 1789 ൽ ജനീവയിൽ വെച്ച് അദ്ദേഹം നിര്യാതനായി .














