തിരുവനന്തപുരം: രോഗികളുടെ എണ്ണത്തിലും ഉറവിടമറിയാത്ത കേസുകളുടെ എണ്ണത്തിലും വര്‍ധനവുണ്ടാകുന്ന സാഹചര്യത്തില്‍ തലസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍. ഇതിന്റെ ഭാഗമായി നാല് പ്രദേശങ്ങളെക്കൂടി കണ്ടെയ്ന്മെന്റ് സോണുകളാക്കിയതായി ജില്ല കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു.
വെള്ളനാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നമ്പര്‍ 12ല്‍ ഉള്‍പ്പെടുന്ന വെള്ളനാട് ടൗണും കണ്ണമ്പള്ളിയും(വാര്‍ഡ് നമ്പര്‍ 13) കണ്ടെയ്ന്മെന്റ് സോണുകളാക്കി. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പാളയം വാര്‍ഡിലെ ( നമ്പര്‍-27) പാളയം മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള വാണിജ്യ മേഖലയും (അയ്യങ്കാളി ഹാള്‍, ജൂബിലി ആശുപത്രി ഉള്‍പ്പെടെ). കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചു.
ഈ മേഖലകളില്‍ പൊതുജനങ്ങള്‍ കടുത്ത ജാഗ്രത പാലിക്കണമെന്നും അത്യാവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്നും അറിയിപ്പില്‍ പറയുന്നു. അതേസമയം, ഉറവിടമറിയാത്ത രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രിത മേഖലകളില്‍ ഭക്ഷണത്തിന്റെ ഹോം ഡെലിവറിക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.