കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. അഭിഭാഷകനായ രാജേഷ് കുമാറാണ് സ്വപ്നയ്ക്ക് വേണ്ടി മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. ബുധനാഴ്ച രാത്രി ഓണ്‍ലൈന്‍ വഴിയാണ് ഹര്‍ജി ഫയല്‍ ചെയ്തത്.
എന്നാല്‍ ഹര്‍ജി എന്ന് പരിഗണിക്കുമെന്ന കാര്യത്തില്‍ ഹൈക്കോടതി വ്യാഴാഴ്ച തീരുമാനമെടുക്കും. ഓണ്‍ലൈനായി ഹര്‍ജി ഏത് സമയവും ഫയല്‍ ചെയ്യാം. ഈ സാഹചര്യത്തിലാണ് ബുധനാഴ്ച രാത്രി തന്നെ ഹര്‍ജി ഫയല്‍ ചെയ്യാന്‍ സ്വപ്ന തീരുമാനിച്ചത്.
അതേസമയം വിവാദങ്ങള്‍ ആളിക്കത്തുമ്പോഴും സ്വപ്ന സുരേഷ് ഒളിവിലാണ്. സ്വപ്നയെ കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ് കസ്റ്റംസ്. കഴിഞ്ഞ ദിവസം സ്വപ്ന തമിഴ്നാട്ടിലേയ്ക്ക് കടന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും പ്രതി തിരുവനന്തപുരം വിട്ട് പോകാന്‍ സാധ്യതയില്ലെന്ന നിഗമനത്തില്‍ തന്നെയാണ് കസ്റ്റംസ്. കേസില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് കസ്റ്റംസ് നല്കുന്ന വിവരം. സ്വപ്നയുടെ സുഹൃത്തായ സന്ദീപ് നായര്‍ക്ക് വേണ്ടിയും തെരച്ചില്‍ നടക്കുന്നുണ്ട്.