ന്യൂഡല്‍ഹി: മണ്‍സൂണ്‍ ഉത്തരേന്ത്യയില്‍ ജീവനെടുത്ത് മുന്നേറുന്നു. ശക്തമായ ഇടിമിന്നലേറ്റ് ബീഹാറില്‍ വീണ്ടും 12 പേരാണ് മരണപ്പെട്ടത്.ഇതോടെ സംസ്ഥാനത്ത് ഈ മണ്‍സൂണ്‍ സീസണില്‍ മാത്രം മരണപ്പെട്ടവരുടെ സംഖ്യ 83 ആയി ഉയര്‍ന്നിരിക്കുകയാണ്. ആറു ജില്ലകളിലെ വിവിധ ഇടങ്ങളിലായാണ് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ദുരന്ത നിവാരണ സേന അറിയിച്ചു. മരണപ്പെട്ടവര്‍ക്ക് മുഖ്യമന്ത്രി നിതീഷ് കുമാര്‍ 4 ലക്ഷം രൂപ വീതം അനുവദിച്ചു.
‘ സംസ്ഥാനത്ത് 6 ജില്ലകളിലായി 12 പേരാണ് മരണപ്പെട്ടത്. മരണപ്പെട്ടവര്‍ക്കുള്ള സഹായ ധനമായി 4 ലക്ഷം രൂപാവീതം നല്കാന് തീരുമാനിച്ചിട്ടുണ്ട്. ജനങ്ങള്‍ അപകടകരമായ കാലാവസ്ഥയില്‍ ഏറെ ജാഗ്രതപാലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. ദുരന്തനിവാരണ സേന അതാത് സമയത്ത് നല്കുന്ന മുന്നറിയിപ്പുകള്‍ എല്ലാവരും അനുസരിക്കുകയും വേണം. മോശം കാലാവസ്ഥയുള്ളപ്പോള്‍ പരമാവധി വീടിനകത്തുതന്നെ കഴിയാനും ശ്രദ്ധിക്കണം’ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ട്വിറ്ററിലൂടെ പറഞ്ഞു.
ജൂണ്‍ മാസം ആദ്യം മുതലേ ഡല്‍ഹിയില്‍ ശക്തിയായി ആഞ്ഞടിച്ച കാറ്റും മഴയും ജനജീവിതം ദു:സ്സഹമാക്കിയിരുന്നു. അന്നുതന്നെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം സമീപത്തെ എല്ലാ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും മഴകനക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. ബീഹാറിന് പുറമേ ഉത്തര്‍പ്രദേശിലും മഴ കനത്ത നാശമാണ് ഉണ്ടാക്കുന്നത്. ഇതുവരെ 24 പേരാണ് ഉത്തര്‍പ്രദേശിലെ വിവിധ ഭാഗങ്ങളിലായി മരണപ്പെട്ടിരിക്കുന്നത്.