ന്യൂഡല്‍ഹി : അമേരിക്കയില്‍ നിന്നും കൂടുതല്‍ സിഗ് 716 സൈനിക റൈഫിളുകള്‍ വാങ്ങാന്‍ ഒരുങ്ങി ഇന്ത്യന്‍ സൈന്യം. അമേരിക്കയില്‍ നിന്നും 72,000 സിഗ് 716 സൈനിക റൈഫിളുകള്‍ വാങ്ങാന്‍ പദ്ധതിയിടുന്നതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ലഡാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സൈന്യത്തിന്റെ പുതിയ നീക്കം.
നേരത്തെയും അമേരിക്കയില്‍ നിന്ന് സൈന്യം സിഗ് 716 റൈഫിളുകള്‍ വാങ്ങിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും റൈഫിളുകള്‍ വാങ്ങാന്‍ ആലോചിക്കുന്നതായുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്. നിലവിലെ 5.56*45 എംഎം റൈഫിളുകള്‍ക്ക് പകരം ഉപയോഗിക്കാവുന്ന റൈഫിളുകളാണ് സിഗ് 716. ആദ്യ തവണയും 72,000 റൈഫിളുകളാണ് സൈന്യം വാങ്ങിയത്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ചെറുക്കുന്നതിന്റെ ഭാഗമായായിരുന്നു റൈഫിളുകള്‍ വാങ്ങാനുള്ള തീരുമാനം.
മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പ്രതിരോധ മേഖലയിലാണ് കൂടുതല്‍ ശ്രദ്ധചെലുത്തുന്നത്. ഇതിന്റെ ഭാഗമായി സൈന്യത്തിന് വലിയ പിന്തുണയും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. പ്രതിരോധ രംഗം കൂടുതല്‍ കരുത്തുറ്റതാക്കുന്നതിനായി ഇന്ത്യ 16,000 ലൈറ്റ് മെഷീന് തോക്കുകള്‍ വാങ്ങാന്‍ ഇസ്രായേലുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. അടുത്തിടെ അമേരിക്കന്‍ കമ്പനിയായ ബോയിംഗ് ചിനൂക്ക്, അപ്പാഷെ എന്നീ ഹെലികോപ്ടറുകളുടെ അവസാന ബാച്ചും ഇന്ത്യയ്ക്ക് കൈമാറിയിരുന്നു.