ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള കമാന്റര്‍ തല ചര്‍ച്ച ഇന്ന്. നാലാം ഘട്ട ചര്‍ച്ചയാണ് ഇന്ന് നടക്കുന്നത്. സേനകളെ പിന്നിലോട്ട് വലിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടുള്ള ചര്‍ച്ചകളാണ് തുടരുന്നത്. നിലവില്‍ ദെസ്പാങ്ക്-ദൗലത് ബെഗ് ഓള്‍ഡി സെക്ടറില്‍ നിന്നും സേനയെ പിന്‍വലിക്കണമെന്ന കാര്യത്തിലാണ് ഇന്ത്യ ചൈനക്കെതിരെ ശക്തമായ ആവശ്യം മുന്നോട്ട് വച്ചിരിക്കുന്നത്.
ഇതിനിടെ ചൈനയുടെ സേന പാങ്കോംഗ് സോ-ഹോട്ട് സ്പ്രീം മേഖലയില്‍ എട്ടു കിലോമീറ്റര്‍ അനധികൃതമായി കയറിയത് ഇന്ത്യ ചൂണ്ടിക്കാണിച്ചിരുന്നു. കിഴക്കന്‍ ലഡാക്കിലാണ് ഇന്ന് ചര്‍ച്ചകള്‍ക്കായി ഇരുഭാഗത്തേയും കമാന്റര്‍മാര്‍ കൂടിക്കാഴ്ച നടത്തുന്നത്. 14-ാം കോര്‍പ്സിന്റെ കമാന്റര്‍ ലെഫ്. ജനറല്‍ ഹരീന്ദര്‍ സിംഗും ചൈനയുടെ ദക്ഷിണ സിന്‍ജിയാംഗ് മിലിട്ടറി ഡിസ്ട്രിക് മേധാവി മേജര്‍ ജനറല്‍ ലിയൂ ലിനുമാണ് നാലാം ഘട്ട ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഇന്ന് പകല്‍ 11.30നാണ് ചര്‍ച്ച.
നാലാംഘട്ട ചര്‍ച്ചയില്‍ നിലവില്‍ അതിര്‍ത്തിയിലേക്ക് വിന്യസിച്ച 30,000 സൈനികരുടെ പിന്‍വാങ്ങലിന്റെ നിലവിലെ അവസ്ഥ വിശകലനം ചെയ്യും. കിഴക്കന്‍ ലഡാക്കില്‍ വിന്യസിച്ചിരിക്കുന്ന ആയുധങ്ങള്‍, വാഹനങ്ങള്‍, പീരങ്കികള്‍ അടക്കം മാറ്റുന്നതുമായി ബന്ധപ്പെട്ടും ചര്‍ച്ച നടക്കുമെന്നാണ് കരുതുന്നത്. 1597 കിലോമീറ്റര്‍ ദൂരത്താണ് ലഡാക്കില്‍ നിലവിലെ സൈനിക വിന്യാസം ഇന്ത്യശക്തമാക്കിയത്.
ജൂണ്‍ 30ന് നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് 2.5 കിലോമീറ്റര്‍ ഗാല്‍വാന്‍ വാലിയില്‍ നിന്നും പിന്നിലേയ്ക്ക് മാറാന്‍ ചൈന നിര്‍ബന്ധിതമായത്. കഴിഞ്ഞ 6-ാംതീയതിയാണ് ദേശീയ സുരക്ഷാ ഉപദോഷ്ടാവ് അജിത് ഡോവല്‍ ചൈനയുടെ വിദേശകാര്യ മന്ത്രി വാങ്ക് യീയുമായി അതിര്‍ത്തിയിലെ വിഷയം ചര്‍ച്ച ചെയ്തത്. ഇന്ത്യ സ്വീകരിക്കുന്ന ശക്തമായ അതിര്‍ത്തി നയം ചൈനയെ അതീവ ഗൗരവത്തോടെയാണ് ഡോവല്‍ ബോധ്യപ്പെടുത്തിയത്. കടന്നുകയറ്റത്തിന് വലിയവില നല്‍കേണ്ടിവരും എന്ന് ചൈനയക്ക് ഇതോടെ ബോധ്യമായെന്നും പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ചുകൊണ്ട് ദേശീയമാദ്ധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി.