മുംബൈ : ലോകപ്രശസ്ത ഗണിത ശാസ്ത്ര പ്രതിഭയായിരുന്ന ശകുന്തള ദേവിയുടെ ജീവിതം ആസ്പദമാക്കിയുള്ള ഏവരും കാത്തിരുന്ന ജീവചരിത്ര സിനിമ ശകുന്തള ദേവിയുടെ ട്രെയ്‌ലര്‍ പുറത്തിറക്കി. ഗ്ലോബല്‍ പ്രീമിയര്‍ എക്‌സ്‌ക്ലൂസീവായി പ്രൈം വീഡിയോ വഴി അവതരിപ്പിക്കുന്ന ആദ്യ ഇന്ത്യന്‍ ഭാഷാ ജീവചരിത്ര സിനിമയാണ് ഈ ഹിന്ദി ചിത്രം. അവിശ്വസിനീയമായ വേഗതയില്‍ കണക്കുകള്‍ കൂട്ടുന്നതില്‍ പ്രശസ്തയായ ‘ഹ്യൂമന്‍ കംപ്യൂട്ടര്‍’ എന്നറിയപ്പെട്ടിരുന്ന ശകുന്തള ദേവിയുടെ വേഷത്തിലെത്തുന്നത് ദേശീയ അവാര്‍ഡ് ജേതാവായ വിദ്യ ബാലനാണ്. അനു മേനോന്‍ സംവിധാനം ചെയ്ത ചിത്രം സോണി പിക്‌ച്ചേഴ്‌സ് നെറ്റ്‌വര്‍ക്ക്‌സ് പ്രൊഡക്ഷന്‍സും വിക്രം മല്‍ഹോത്രയും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ശകുന്തള ദേവിക്ക് അസാധാരണവും സങ്കീര്‍ണ്ണവുമായ ബന്ധമുണ്ടായിരുന്ന അവരുടെ മകളുടെ വേഷത്തിലെത്തുന്നത് സന്യ മല്‍ഹോത്രയാണ്. ജിഷു സെന്‍ഗുപ്ത, അമിത് സാഥ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. അനു മേനോനും നയനിക മഹ്താനിയും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത് ഇഷിത മോയ്ത്രയാണ്. ജൂലൈ 31 മുതല്‍ ആമസോൺ പ്രൈമിലൂടെ സിനിമ ആസ്വദിക്കാം.
ശകുന്തള ദേവിയുടെ ലോകം തന്നെ അലട്ടുകയും ആനന്ദിപ്പിക്കുകയും ചെയ്യുന്ന അനുഭവമായിരുന്നുവെന്ന് നടി വിദ്യ ബാലന്‍ പറഞ്ഞു. നമ്മുടെ സ്വന്തം കഴിവില്‍ വിശ്വസിച്ചാല്‍ ലോകം നമുക്കിഷ്ടമുള്ളതെല്ലാം നല്‍കുന്ന അക്ഷയഖനിയാകുമെന്ന് നമ്മെ കാണിച്ചു തരുന്ന പ്രചോദിപ്പിക്കുന്ന കഥയാണ് അവരുടേത്. പ്രൈം വീഡിയോയില്‍ നേരിട്ട് റീലിസ് ചെയ്യുന്നതോടെ ശകുന്തള ദേവി ലോകത്തെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തുകയാണ്. അവരുടെ സൗകര്യമനുസരിച്ച് ഏതു സമയത്തും പ്രേക്ഷകര്‍ക്ക് ചിത്രം കാണുകയും ചെയ്യാം.
ശകുന്തള ദേവി എന്നും തന്നെ വിസ്മയിപ്പിച്ചിരുന്നെന്നും സമകാലിക ലോകത്ത് പ്രതിധ്വനിക്കുന്ന അസാധാരണ കഥയാണ് അവരുടേതെന്നും സംവിധായിക അനു മേനോന്‍ പറഞ്ഞു. കണക്കിലുള്ള അവരുടെ കഴിവ് മിക്കവര്‍ക്കും അറിയാം. അതിനു പുറമേ അധികമറിയപ്പെടാത്ത ശകുന്തള ദേവിയുടെ വ്യക്തിജീവിതം കൂടി വെളിവാക്കുകയാണ് ചിത്രം. കാലത്തിനു മുന്നേ ജീവിച്ച സ്വന്തം നിലപാടുകളുമായി സമര്‍ഥയും എന്നാല്‍ ലോലഹൃദയയുമായ സ്ത്രീയും അമ്മയുമായിരുന്നു അവര്‍. ഈ ചിത്രത്തിന്റെ നിര്‍മ്മാണം തങ്ങള്‍ ആസ്വദിച്ച പോലെ ആഗോള പ്രേക്ഷകരും ചിത്രം ഇഷ്ടപ്പെടുമെന്ന് ഉറപ്പാണെന്നും അവര്‍ പറഞ്ഞു.















