ചണ്ഡീഗഢ്: അടുത്ത വര്‍ഷം നടക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്ക്ക് മത്സരിച്ച് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്. ശിരോമണി അകാലിദളുമായി (എസ്എഡി) സഖ്യസാധ്യതയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് ബിജെപിയുടെ നിലപാട് വ്യക്തമാക്കിയത്.
പട്യാലയില്‍ നടന്ന സംഘടനാ യോഗത്തില്‍ സംസാരിക്കവെ, പഞ്ചാബ് മാറ്റത്തിന് തയ്യാറാണെന്നും അത് യാഥാര്‍ഥ്യമാക്കാന്‍ ബിജെപി സജ്ജമാണെന്നും സന്തോഷ് പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി അദ്ദേഹം രണ്ട് ദിവസത്തെ സംസ്ഥാന സന്ദര്‍ശനത്തിലാണ്. പട്യാല, ബത്തിന്‍ഡ, ലുധിയാന, ജലന്ധര്‍, അമൃത്സര്‍ എന്നിവിടങ്ങളില്‍ സംഘടനാ യോഗങ്ങള്‍ നടക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും എസ്എഡി അധ്യക്ഷന്‍ സുഖ്ബീര്‍ സിങ് ബാദലും കൂടിക്കാഴ്ച നടത്തിയതിനെ തുടര്‍ന്ന് ബിജെപി-അകാലിദള്‍ സഖ്യസാധ്യത ശക്തമായിരുന്നു. അടുത്ത വര്‍ഷം പഞ്ചാബിനൊപ്പം യുപി, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും.















