നാഗോണ്‍: അസമിലെ ഒരു വീട്ടിലേയ്ക്ക് കയറിവന്ന അതിഥിയെ കണ്ട് വീട്ടിലുള്ളവര്‍ ഞെട്ടി. നാഗോണിലെ വീട്ടിലേയ്ക്ക് ഒരു പെണ്‍കടുവയാണ് കയറിവന്നത്. തന്ത്രപരമായി വീടു പൂട്ടി ഒച്ചവെച്ചാണ് വീട്ടുകാര്‍ വിവരം നാട്ടുകാരെ അറിയിച്ചത്. കടുവയെ വനപാലകരും മൃഗഡോക്ടറുമെത്തി മയക്കുവെടിവെച്ച് പിടികൂടി.
ഒരു ദിവസം മുഴുവന്‍ നടത്തിയ ശ്രമത്തിനൊടുവിലാണ് വീട്ടനകത്തു കുടുങ്ങിയ കടുവയെ മയക്കുവെടിവെച്ച് പിടികൂടാന്‍ കഴിഞ്ഞത്. വന്യജീവി സംരക്ഷണ മേഖലയില്‍ എത്തിച്ച് വേണ്ട പരിചരണം നല്‍കിയശേഷം കടുവയെ വനത്തിലേയ്ക്ക് തിരികെ വിടുമെന്നും വനപാലകര്‍ അറിയിച്ചു.
മൃഗസംരക്ഷണ വകുപ്പിലെ ഡോ. സാംസൂല് അലിയും അസമിലെ കാസിരംഗ വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാരുമാണ് കടുവയെ പിടികൂടാനായി എത്തിയത്. കടുവാ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകളും രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ടായിരുന്നു. ജനങ്ങള്‍ കടുവയെ ഉപദ്രവിക്കാതിരുന്നതിന്റെ നന്ദിയും വനപാലകര്‍ അറിയിച്ചു.