കണ്ണൂർ : പാലത്തായിയിൽ അദ്ധ്യാപകനെതിരെ പോക്സോ കേസ് ചുമത്താനുള്ള ഗൂഢ നീക്കത്തിൽ ക്ഷേത്രവും പൂജയും പ്രസാദവും വന്നത് ചർച്ചയാകുന്നു. പ്രതി ചേർക്കപ്പെട്ട പദ്മരാജൻ കുട്ടിയെ അടുത്തുള്ള ക്ഷേത്രത്തിൽ കൊണ്ടു പോയി പൂജ നടത്തി പ്രസാദം വാങ്ങിയ ശേഷം പീഡിപ്പിച്ചു എന്നാണ് മൊഴി നൽകിയിരിക്കുന്നത്. എന്നാൽ ഈ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നാണ് അന്വേഷണ സംഘം പോലും പറയുന്നത്.
പന്ത്രണ്ടര മണിക്ക് തുറക്കുന്ന ക്ഷേത്രങ്ങൾ ഒന്നും കണ്ണൂർ ജില്ലയിലില്ലെന്ന് അന്വേഷണ സംഘത്തിനു മേൽനോട്ടം വഹിച്ച ഐ.ജി ശ്രീജിത്തിന്റെ ശബ്ദരേഖയിൽ പറയുന്നു. മാത്രമല്ല ക്ഷേത്രത്തിലെത്തുന്നതിനു മുൻപ് ഹോട്ടലിൽ കയറിയെന്ന് പറയുന്നെങ്കിലും ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിൽ പദ്മരാജനോ കുട്ടിയോ ഹോട്ടലിൽ വന്നിട്ടില്ല. ഇതാണ് അന്വേഷണ സംഘത്തിന് ഈ മൊഴിയിൽ സംശയം തോന്നാൻ കാരണം.
കത്വയിൽ നടന്ന പീഡനത്തിൽ ക്ഷേത്രവുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയർന്നത് കേരളത്തിൽ മത തീവ്രവാദ സംഘടനകൾ വലിയ ചർച്ചയാക്കിയിരുന്നു. അതിന്റെ പേരിൽ വലിയ പ്രതിഷേധങ്ങളും അക്രമങ്ങളും വാട്സാപ്പ് ഹർത്താലുമുണ്ടായി.ഇത്തരമൊരു മൊഴി നൽകുന്നതിലൂടെ ഇവിടെയും പീഡനത്തെ ക്ഷേത്രവുമായി ബന്ധപ്പെടുത്താൻ മന:പൂർവ്വം ശ്രമിക്കുകയായിരുന്നെന്നാണ് ആരോപണമുയരുന്നത്. ഐഎസ് റിക്രൂട്ട് മെന്റ് അടക്കമുള്ള ഭീകരവാദ പ്രവർത്തനങ്ങളിൽ ബന്ധമുള്ള സംഘടനയാണ് ഇതിന്റെ ആസൂത്രണം നടത്തിയതെന്നാണ് പറയപ്പെടുന്നത്. പിഞ്ചുകുഞ്ഞുങ്ങളെ ഉപയോഗിച്ച് പ്രധാനമന്ത്രിയെ വരെ തെറിവിളിപ്പിക്കുന്നവർ ഇതിനപ്പുറം ചെയ്യുമെന്നും ആരോപണമുന്നയിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.
പ്രതി ചേർക്കപ്പെട്ട പദ്മരാജൻ സി.എ.എയെ അനുകൂലിച്ചു സംസാരിച്ചതാണ് പോക്സോ കേസിൽ കുടുക്കാൻ കാരണമായതെന്നും ആരോപണം ഉയരുന്നുണ്ട്.പ്രതിയുടെ ഭാര്യ ഡിജിപിക്കും മറ്റും നൽകിയ പരാതിയിൽ കാര്യങ്ങൾ വ്യക്തമായി പറയുന്നുണ്ട്. ശരിയായ അന്വേഷണം നടന്നില്ലെങ്കിൽ നാലും രണ്ടും വയസ്സായ തന്റെ കുഞ്ഞുങ്ങൾക്കൊപ്പം ആത്മഹത്യ ചെയ്യുക അല്ലാതെ വേറെ വഴിയില്ല എന്നും ഭാര്യ പരാതിയിൽ പറയുന്നു