ന്യൂഡല്‍ഹി : അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ വ്യോമാസേന കമാന്‍ഡര്‍മാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തും. ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായാണ് കമാന്‍ഡര്‍മാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്. ഈ ആഴ്ച തന്നെ കൂടിക്കാഴ്ചയുണ്ടാകുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
വ്യോമസേന മേധാവി മാര്‍ഷല്‍ ആര്‍കെഎസ് ബധൗരിയയുടെ നേതൃത്വത്തിലാണ് കൂടിക്കാഴ്ച നടക്കുക. അദ്ദേഹത്തോടൊപ്പം ഏഴ് വ്യോമസേന കമാന്‍ഡര്‍മാരും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും. കിഴക്കന്‍ ലഡാക്കിലെയും വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലെയും സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ് കൂടിക്കാഴ്ചയിലെ പ്രധാന അജണ്ട. യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ സ്ഥിതിഗതികള്‍ക്ക് പുറമേ റഫേല്‍ വിമാനങ്ങളുടെ വിന്യാസം സംബന്ധിച്ചും കമാന്‍ഡര്‍മാര്‍ തമ്മില്‍ ചര്‍ച്ച നടത്തും.
സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ പോര് വിമാനങ്ങളായ മിരാഷ് 2000, സുഖോയ് 30, മിഗ് 29 എന്നിവ അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ട്. ഇവ രാവും പകലും നിരീക്ഷണം നടത്തി വരുകയാണ്. ഇതിന് പുറമേ സൈനിക പോസ്റ്റുകള്‍ക്ക് സമീപം അപ്പാഷെ വിമാനങ്ങളും വിന്യസിച്ചിട്ടുണ്ട്. ഇവയ്ക്കെല്ലാം പുറമേ റാഫേല്‍ വിമാനങ്ങള്‍ കൂടി വിന്യസിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.