ന്യൂഡല്‍ഹി: ചൈന അതിര്‍ത്തിയില്‍ നിന്നും പിന്മാറാന് എടുക്കുന്ന കാലതാമസം ഇന്ത്യയുടെ റാഫേല്‍ തീരുമാനത്തിലും പ്രതിഫലിക്കുകയാണ്. ഈ മാസം അവസാനത്തോടെ ലഡാക്കില്‍ വിന്യസിക്കുന്ന അഞ്ചു റഫേല്‍ യുദ്ധവിമാനങ്ങളിലും കൃത്യതയ്ക്കു പേരുകേട്ട ഹാമര്‍ മിസൈലുകള്‍ അടിയന്തിരമായി ഘടിപ്പിക്കാനാണ് തീരുമാനം. ലഡാക്കില്‍ ചൈന നിര്‍മ്മിച്ചിരിക്കുന്ന ഏതു ബങ്കറുകളും തകര്‍ക്കുമെന്ന സൂചനയാണ് സേനാ വൃത്തങ്ങള്‍ നല്‍കുന്നത്.
ഫ്രാന്‍സില്‍ നിന്നും എത്തുന്ന റഫേലിന് അവിടെ വച്ചുതന്നെ ഫ്രഞ്ച് നിര്‍മ്മിത മിസൈലുകള്‍ ഘടിപ്പിക്കാനാണ് അടിയന്തിരമായി തീരുമാനിച്ചിരിക്കുന്നത്. 60 മുതല്‍ 70 കിലോമീറ്ററിനകത്തെ ഏതു പ്രതിരോധവും കൃത്യതയോടെ തകര്‍ക്കാന്‍ ശേഷിയുളള മിസൈലാണ് ഹാമര്‍(ഹൈലി അജയ്ല്‍ മോഡ്യൂള്‍ മ്യൂണിഷന്‍ എക്സറ്റന്റഡ് റേഞ്ച്).
റഫേല്‍ വാങ്ങാന്‍ തീരുമാനിച്ച ശേഷമാണ് ഹാമര്‍ മിസൈലുകളില്‍ ധാരണയിലെത്തിയത്. എന്നാല്‍ അതിര്‍ത്തിയില്‍ ചൈനയുമായുള്ള പ്രശ്നം രൂക്ഷമാകാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം മാറ്റിയത്. റഫേലിനൊപ്പം തന്നെ ഹാമര്‍ മിസൈലുകളും എത്തിക്കാനാണ് പ്രതിരോധ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. മറ്റ് പല രാജ്യങ്ങള്‍ക്കും നല്‍കാനായി വച്ചിരിക്കുന്നതില്‍ നിന്നും ഇന്ത്യയുടെ അടിയന്തര ആവശ്യം പരിഗണിച്ച് ഹാമര്‍ മിസൈലുകള്‍ എത്തിക്കാന്‍ ഫ്രഞ്ച് പ്രതിരോധ വകുപ്പ് അനുമതി നല്‍കിക്കഴിഞ്ഞു.
വായുവില്‍ നിന്ന് കരയിലെ ഏതു പ്രതിരോധവും തകര്‍ക്കാന്‍ സാധിക്കുന്നവയാണ് ഹാമര്‍ മിസൈലുകള്‍. നിലവില്‍ ഫ്രാന്‍സിന്റെ വ്യോമസേനയും നാവികസേനയും ഹാമറാണ് ഉപയോഗിക്കുന്നത്. എത്ര ശക്തമായ ബങ്കറുകളും തകര്‍ക്കാനും ഏതു തരം മലനിരകളിലും ഉപയോഗിക്കാനും സാധിക്കുന്ന അതിശക്തമായ മിസൈലാണെന്നതാണ് ലഡാക്കിലേയ്ക്ക് ഹാമറിനെ പരിഗണിക്കാന്‍ കാരണം.