ശ്രീനഗര്‍ : സൈനിക വിന്യാസത്തിലൂടെ പ്രകോപനം സൃഷ്ടിക്കുന്ന ചൈനയ്ക്ക് അതിര്‍ത്തിയിലെ വികസനത്തിലൂടെ മറുപടി നല്കി ഇന്ത്യ. ലഡാക്കിലെ തന്ത്രപ്രധാന മേഖലയായ പാംഗോംഗ് സോയിലെ റോഡുകളുടെ നിര്‍മ്മാണം ഇന്ത്യന്‍ സൈന്യം വേഗത്തിലാക്കി. പാംഗോഗ് സോ നദിയുടെ പ്രധാന പ്രദേശങ്ങളുമായുള്ള ബന്ധം ദൃഢമാക്കുന്നതിന്റെ ഭാഗമായാണ് റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കിയത്.
ലഡാക്കിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ നടന്ന ചര്‍ച്ചയില്‍ പാംഗോംഗ് സോ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിന്നും പിന്‍വാങ്ങാന്‍ ധാരണയായിരുന്നു. എന്നാല്‍ ഇത് ലംഘിച്ച് ചൈനീസ് സൈന്യം പ്രദേശത്ത് കൂടുതല്‍ സൈനിക വിന്യാസം നടത്തുന്നതിടെയാണ് ഇന്ത്യയുടെ നിര്‍ണ്ണായക നീക്കങ്ങള്‍.
ലഡാക്കിലെ ലൂക്കൂംഗിനും ഫോബ്രാംഗിനുമിടയിലെ 15 കിലോ മീറ്റര്‍ പാതയുടെ നിര്‍മ്മാണം ഇതുവരെ പൂര്‍ത്തിയായിട്ടുണ്ട്. പാംഗോംഗ് സോയുടെ പ്രധാന കവാടമാണ് ലൂക്കുംഗ്. ലൂക്കുംഗും ഫോബ്രാംഗും തമ്മിലുള്ള റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ പാംഗോംഗ് സോയിലേക്ക് ഇന്ത്യന്‍ സൈന്യത്തിന് വേഗത്തില്‍ എത്താന്‍ സാധിക്കും. ലൂക്കുംഗ്- ഫോബ്രാംഗ് പാതയുടെ നിര്‍മ്മാണത്തിന് പുറമേ ഫോബ്രാംഗിനെയും ഹോട്സ്പ്രിംഗിനെയും ബന്ധിപ്പിക്കുന്ന പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നുണ്ട്. സംഘര്‍ഷ മേഖലയായ ഈ പ്രദേശത്തെ പാതയുടെ നിര്‍മ്മാണം ഏറെ നിര്‍ണ്ണായകമാണ്.
സ്പാങ്മിക്കും ഖക്തെറ്റിനും ഇടയിലുള്ള റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ടാറിംഗും പുരോഗമിക്കുന്നുണ്ട്. ഖാക്തെറ്റ് വെള്ളച്ചാട്ടത്തിന്റെ മറു തീരത്തുള്ള പ്രദേശങ്ങളിലെ ഫിംഗര്‍ ത്രീ, ഫിംഗര്‍ ഫോര്‍ എന്നീ പ്രദേശങ്ങളിലെ പാതകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വേഗത്തിലാക്കിയിട്ടുണ്ട്. ഇതിന് പുറമേ ഖാക്തെറ്റ് ചുഷുല്‍ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിനായുള്ള റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.
റോഡുകളുടെ നിര്‍മ്മാണം കൂടാതെ പാലങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വേഗത്തിലാക്കിയിട്ടുണ്ട്. നിയന്ത്രണ രേഖയ്ക്ക് സമീപത്തുള്ള 30 പാലങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇന്ത്യ വേഗത്തില്‍ ആക്കിയിരിക്കുന്നത്.
സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കിഴക്കന്‍ ലഡാക്കുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കണമെന്നത് ഇന്ത്യയുടെ പ്രധാന ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. ഡര്‍ബുക്ക് , നിയോമ എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ചാങ്താംഗ് മേഖലയ്ക്കാണ് റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ പ്രധാന്യം കൊടുക്കുന്നത്. നിര്‍ണ്ണായക മേഖലകളായ ഗാല്‍വന്‍, ചുഷുല്‍, ഷ്യോക്, ദെംചോക് ചുമാര്‍ എന്നിവ ഡര്ബുക്കിന് കീഴിലാണ് ഉള്‍പ്പെടുന്നത്.