ലക്നൗ : സംസ്ഥാനത്ത് നിന്നും കുറ്റകൃത്യങ്ങള്‍ തുടച്ചു നീക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി യോഗി സര്‍ക്കാര്‍. കൊടും കുറ്റവാളിയായ തിന്കു കലാപ എന്നറിയപ്പെടുന്ന കമല്‍ കിഷോറിനെ ഉത്തര്‍പ്രദേശ് പോലീസ് വധിച്ചു. ബറാബങ്കി ജില്ലയിലെ ഉണ്ടായ ഏറ്റുമുട്ടലിലാണ് ഇയാളെ ഉത്തര്‍പ്രദേശ് പോലീസ് വധിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. ബറാബങ്കിലെ രഹസ്യ താവളത്തില്‍ കമല്‍ കിഷോര്‍ ഒളിച്ചിരിക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തര്‍പ്രദേശ് പോലീസും സ്പെഷ്യല്‍ ടാസ്ക് ഫോഴ്സും പ്രദേശത്ത് എത്തിയത്. എന്നാല്‍ പോലീസിനെ കണ്ട ഇയാളും സംഘവും ബൈക്കില്‍ കടന്നു കളയാന്‍ ശ്രമിക്കുകയായിരുന്നു.
പിന്തുടര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ കമലും സംഘവും വെടിയുതിര്‍ത്തു. പോലീസ് ഉദ്യോഗസ്ഥരും ശക്തമായി തിരിച്ചടിച്ചു. പ്രത്യാക്രമണത്തില്‍ ഗുരുതര വെടിയേറ്റ കമലിനെ
ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
കൊടും കുറ്റവാളിയായ ഇയാള്‍ക്ക് മേല്‍ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 27 ലധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇയാളെക്കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് 1 ലക്ഷം രൂപയും അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. 2019 ലെ ജ്വല്ലറിയില്‍ മോഷണത്തിനിടെ രണ്ട് പേരെ കൊലപ്പെടുത്തിയ കേസിലും ഇയാള്‍ പ്രതിയാണ്.