ന്യൂഡല്‍ഹി : ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാര്‍ട് ഫോണ്‍ നിര്‍മ്മാണ കേന്ദ്രമാകാനൊരുങ്ങി ഇന്ത്യ. അടുത്ത അഞ്ച് വര്‍ഷത്തനുള്ളില്‍ 11 ലക്ഷം കോടി രൂപയുടെ സ്മാര്‍ട് ഫോണുകള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സ്മാര്‍ട് ഫോണുകളുടെ നിര്‍മ്മാണത്തിനായി താത്പര്യം പ്രകടിപ്പിച്ച് ഇതിനോടകം തന്നെ നിരവധി ആഭ്യന്തര – അന്താരാഷ്ട്ര സ്മാര്‍ട് ഫോണ്‍ നിര്‍മ്മാതാക്കള്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്.
രാജ്യത്തെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിര്‍മ്മാണം ത്വരിതപ്പെടുത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ രൂപം നല്കിയ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതിക്ക് കീഴിലാണ് സ്മാര്‍ട് ഫോണ്‍ നിര്‍മ്മാതാക്കള്‍ താത്പര്യപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഐഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിളിന്റെ കരാര്‍ നിര്‍മ്മാതാക്കളായ ഫോക്സ്കോണ്‍ ഹോണ്‍ ഹായ്, വിസ്ട്രോണ്‍, പെഗട്രോണ്‍ എന്നിവരാണ് പദ്ധതിക്കായി താത്പര്യ പത്രം സമര്‍പ്പിച്ച വിദേശ കമ്പനികള്‍. ഇവയ്ക്ക് പുറമേ സാംസംഗ്, റൈസിംഗ് സ്റ്റാര്‍ എന്നീ നിര്‍മ്മാതാക്കളും താത്പര്യം പ്രകടിപ്പിച്ച് രംഗത്ത് വന്നിട്ടുണ്ട്.
ലാവ, മൈക്രോ മാക്സ്, പാഡജറ്റ് ഇലക്ട്രോണിക്സ്, ഡിക്സണ്‍ ടെക്നോളജി എന്നിവയാണ് പിഎല്‍ഐ പദ്ധതിയ്ക്ക് കീഴില്‍ താത്പര്യ പത്രം സമര്‍പ്പിച്ച ആഭ്യന്തര സ്മാര്‍ട് ഫോണ്‍ നിര്‍മ്മാതാക്കള്‍.
ആഭ്യന്തര അന്താരാഷ്ട്ര കമ്പനികളുടെ താത്പര്യ പത്രം അംഗീകരിച്ച് രാജ്യത്ത് സ്മാര്‍ട് ഫോണുകളുടെ നിര്‍മ്മാണം ആരംഭിക്കുന്നതോടെ 12 ലക്ഷത്തിലധികം ആളുകള്‍ക്കാണ് തൊഴില്‍ ലഭിക്കുക. താത്പര്യ പത്രങ്ങള്‍ പ്രകാരം യൂണിറ്റിന് 15,000 രൂപയില്‍ കൂടുതലുള്ള ഒന്‍പത് ലക്ഷം കോടി രൂപയുടെ ഫോണുകള്‍ നിര്‍മ്മിക്കും എന്നാണ് കരുതപ്പെടുന്നത്.