അയോദ്ധ്യ: ശ്രീരാമക്ഷേത്ര പുനര്‍നിര്‍മ്മാണത്തിന്റെ തറക്കല്ലിടലിന് പ്രധാനമന്ത്രിയുടെ യാത്ര പദ്ധതി തീരുമാനിച്ചു. ഇന്ന് രാവിലെയാണ് പ്രധാനമന്ത്രിയുടെ യാത്ര സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉത്തര്‍പ്രദേശ് സര്‍ക്കാറിന് ലഭിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദി അയോദ്ധ്യയിലേയ്ക്ക് എത്തുന്നത് ഹെലികോപ്റ്ററിലാണ്. സാകേത് സര്‍വ്വകലാശാലയുടെ മൈതാനത്തെ സ്ഥിരം ഹെലിപ്പാഡില്‍ പ്രധാനമന്ത്രി ഇറങ്ങുമെന്നാണ് വിവരം. ആകെ 200 പേര്‍ക്കുമാത്രമാണ് ചടങ്ങില്‍ പ്രവേശനം നിശ്ചയിച്ചിരിക്കുന്നത്. പ്രമുഖ സന്യാസിമാര്‍ക്ക് പ്രത്യേക ക്ഷണമുള്ളതായി ട്രസ്റ്റ് അധികൃതര്‍ അറിയിച്ചു.
ഹനുമാന് ക്ഷേത്രത്തില്‍ ആദ്യം സന്ദര്‍ശനം നടത്തിയശേഷമാണ് പ്രധാനമന്ത്രി ശിലാന്യാസ ചടങ്ങിനെത്തുക. പ്രധാനമന്ത്രിക്കൊപ്പം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാണ് അനുഗമിക്കുന്നത്. പ്രമുഖ ബി.ജെ.പി നേതാക്കളായ എല്‍.കെ അധ്വാനി, ഡോ. മുരളീമനോഹര്‍ ജോഷി തുടങ്ങിയ പ്രമുഖരെല്ലാം വെര്‍ച്ച്വല്‍ സംവിധാനത്തിലൂടെ തറക്കല്ലിടല്‍ ചടങ്ങിന്റെ ഭാഗമാകും.