ന്യൂഡല്‍ഹി: അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് മുന്നോടിയായി നടക്കുന്ന ”ഭൂമി പൂജ’ ചടങ്ങിന്റെ ക്ഷണപത്രിക പുറത്തിറക്കി. രാമജന്മഭൂമി-ബാബറി മസ്ജിദ് തര്‍ക്കം കോടതിയിലെത്തിച്ച ഇക്ബാല്‍ അന്‍സാരിക്കാണ് ആദ്യ ക്ഷണപത്രിക അയച്ചിരിക്കുന്നത്. രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റാണ് കാര്‍ഡ് പുറത്തിറക്കിയത്. 200ഓളം പ്രത്യേക ക്ഷണിതാക്കള്ക്കാണ് കാര്‍ഡ് അയയ്ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയായിരിക്കും രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്തുന്നത്. ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയാകാന്‍ പ്രധാനമന്ത്രിക്ക് പുറമെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍, മതനേതാക്കള്‍, ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത് തുടങ്ങിയവര്‍ അയോദ്ധ്യയില്‍ എത്തും.
ചടങ്ങുകള്‍ക്ക് മുന്നോടിയായി അയോദ്ധ്യയില്‍ വലിയ രീതിയിലുള്ള സുരക്ഷ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഭൂമി പൂജയ്ക്ക് മുന്നോടിയായുള്ള ഗൗരി ഗണേഷ് പൂജ ഇന്ന് അയോദ്ധ്യയില്‍ ആരംഭിച്ചു. കൊറോണ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചു കൊണ്ടാകും ഓരോ ചടങ്ങുകളും. 200ഓളം ക്ഷണിതാക്കള്‍ക്ക് മാത്രമാകും ഇരിപ്പിടം ഒരുക്കുകയെന്ന് ട്രസ്ററ് വ്യക്തമാക്കിയിട്ടുണ്ട്. 50 പേര് വീതം വരുന്ന ബ്ലോക്കുകളായിട്ട് ഇവരെ തരം തിരിക്കും. കൃത്യമായ സാമൂഹിക അകലം പാലിച്ചു കൊണ്ടാകും ചടങ്ങുകള്‍ വീക്ഷിക്കുന്നതിനുള്ള അവസരം ഒരുക്കുന്നത്. 161 അടി ഉയരത്തിലാണ് ക്ഷേത്രം നിര്‍മ്മിക്കുന്നത്. മൂന്ന്-മൂന്നര വര്‍ഷത്തിനുള്ളില്‍ ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.