സാക്ഷര കേരളം! നൂറു ശതമാനം വിദ്യാസമ്പന്നരുടെ നാട്! സ്ത്രീ പുരുഷ സമത്വം ഉദ്ഘോഷിക്കുന്നവരുടെ നാട്! എന്നാൽ ഇവിടെ ഈ സമത്വം നിലനിൽക്കുന്നുവോ? പിഞ്ചു കുഞ്ഞുങ്ങൾ മുതൽ മുതുമുത്തശ്ശിമാർ വരെ ഇവിടെ പീഡിപ്പിക്കപ്പെടുന്നു, അവഹേളിക്കപ്പെടുന്നു. രാത്രി പകൽ എന്ന വിത്യാസമില്ലാതെ ഒറ്റയ്‌ക്ക് യാത്ര ചെയ്യുവാനോ, ഒറ്റയ്‌ക്ക് താമസിക്കുവാനോ കഴിയാതെ വരുന്നു.
തൊഴിൽസ്ഥലങ്ങളിൽ, വിദ്യാഭ്യാസ സ്ഥാപങ്ങളിൽ, യാത്രാവേളകളിൽ, താമസിക്കുന്ന ഇടങ്ങളിൽ തുടങ്ങി എല്ലായിടത്തും സ്ത്രീകൾ അപമാനിക്കപ്പെടുന്നു. കള്ളക്കടത്തിനും, ഭീകര ബന്ധങ്ങളിലും, മാഫിയ ബന്ധങ്ങളിലും അവരെ കരുവാക്കുന്നു. സ്വർണ്ണത്തിനും, പണത്തിനുമായി ആക്രമിക്കപ്പെടുന്നു, മാനഭംഗത്തിനിരയാക്കുന്നു, കൊലപ്പെടുത്തുന്നു.
പെണ്ണായി പിറന്നാൽ വീടിനു ശാപമായി കരുതുന്നവർ, അവളുടെ ഓരോ വളർച്ചാഘട്ടത്തിലും പല തരത്തിലുള്ള പീഡനത്തിന് വിധേയരാക്കുന്നവർ, കൗമാര ഘട്ടത്തിൽ സമൂഹ മാധ്യമങ്ങളിലൂടേയും മറ്റും ചതിയിൽ പെടുത്തുന്നവർ, വിവാഹശേഷം ഗാർഹിക പീഡനത്തിൽ അകപെടുത്തുന്നവർ തുടങ്ങി നിരവധി കാപാലികർ സ്ത്രീ സമൂഹത്തിനു ഒരു വെല്ലുവിളിയായി തീരുകയാണ്. പ്രായമായ സ്ത്രീകളെപ്പോലും വെറുതെ വിടുന്നില്ല എന്നത് ഏറെ വിഷമകരമായ വസ്തുതയാണ്.
രാഷ്‌ട്രീയ സാമൂഹിക ബന്ധങ്ങളിലൂടെ ഇത്തരക്കാർ പരിപാലിക്കപ്പെടുന്നു, നീതി നിയമങ്ങൾ മാറ്റി മാറിക്കപ്പെടുന്നു. സ്ത്രീ അമ്മയാണ്, ദൈവതുല്യയാണ് എന്നു പാടി പുകഴ്‌ത്തുന്നവർ അവസരോചിതമായി അവളെ കീഴ്പ്പെടുത്തുന്നു. കുടുംബ ബന്ധങ്ങളിലുള്ള തകർച്ചകൾ പലപ്പോഴും സ്ത്രീകളെ ഒറ്റപ്പെടുത്തുന്നു. കൗമാര വിവാഹം, ഭർതൃപീഡനം, സായം കാലങ്ങളിലെ അവഗണന ഇവയെല്ലാം സ്ത്രീകൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളാണ്.
സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാകണം. നിയമവും, നീതി നിർവഹണവും കാര്യ ക്ഷമമാക്കണം. സർക്കാരും സമൂഹ മാധ്യമങ്ങളും സ്ത്രീയെ സ്വയം പ്രാപ്തി കൈവരിക്കുന്ന രീതിയിൽ ബോധവൽക്കരിക്കണം. സ്ത്രീ സ്വയം എരിഞ്ഞടക്കപ്പെടേണ്ടവളല്ല , പകരം ഉണർന്ന് പ്രവർത്തിക്കപ്പെടേണ്ടവളാണ്.















