ലോക്ക് ഡൗണിനെത്തുടർന്ന് മാസങ്ങളായി വീട്ടിൽ വെറുതെയിരിക്കുന്ന കുട്ടികൾക്ക് മടുപ്പ് അനുഭവപ്പെടുക എന്നത് സ്വാഭാവികമാണ്. കമ്പ്യൂട്ടറും, മൊബൈലുമായി വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങി കഴിയേണ്ട അവസ്ഥ അവരെ മാനസികമായി ഏറെ തളർത്തുന്നുണ്ട്. നിസാര കാര്യങ്ങൾക്കുപോലും അനാവശ്യമായി വാശി പിടിക്കുകയും ചിലപ്പോൾ അത് ആത്മഹത്യ വരെ കൊണ്ടെത്തിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്.
ഇത്തരമൊരു ജീവിത സാഹചര്യത്തിൽ കുട്ടികളുടെ മടുപ്പ് ഒഴിവാക്കി അവരെ പൂർണ്ണ ശാരീരിക മാനസിക ആരോഗ്യമുള്ളവരാക്കുക എന്നത് എല്ലാ മാതാപിതാക്കളുടേയും കടമയാണ്. അതിനായി അവരെ ഉത്തരവാദിത്തമുള്ളവരാക്കുക, അവരെ വീട്ടിലെ ചില ജോലികൾ ഏൽപ്പിക്കുക. ഇത് കുട്ടികളിൽ അച്ചടക്കവും സ്വയം പര്യാപ്തതയും നേടികൊടുക്കുന്നു.
ഉദാഹരണത്തിന് ചെടികളുടെ പരിപാലനം, വീട് വൃത്തിയാക്കൽ, സ്വന്തം പാത്രം കഴുകി വെക്കൽ തുടങ്ങിയ ജോലികൾ കുട്ടികളെ ഏൽപ്പിക്കാം. അതുപോലെ സ്വന്തം തുണി കഴുകൽ, വീട്ടിലെ സാധനങ്ങളിലെ പൊടി തുടച്ച് അടുക്കി വെയ്ക്കൽ എന്നീ ജോലികൾ അവരെ സ്വന്തം കാര്യങ്ങൾ ആരുടേയും സഹായമില്ലാതെ ചെയ്യാൻ പ്രാപ്തരാക്കുന്നു.
ഒരു വീട്ടിലെ അത്യാവശ്യം വേണ്ടതായ ഭക്ഷണങ്ങൾ ഉണ്ടാക്കുവാനും മാതാപിതാക്കൾ കുട്ടികളെ പരിശീലിപ്പിക്കണം. കാരണം ഇതെല്ലം അവരുടെ ഭാവിയിൽ വളരെയേറെ ഗുണം ചെയ്യും. ചെറുപ്പത്തിലെ ഇത്തരം ചെറിയ കാര്യങ്ങൾ ചെയ്തു ശീലിക്കുന്നതിലൂടെ മാതാപിതാക്കളുടെ ബുദ്ധിമുട്ടുകളെക്കുറിച്ചും അവർ ബോധവാന്മാരാകും. അതുപോലെ വീടു വൃത്തിയാക്കുന്നതിൽ അവർ കൂടുതൽ ശ്രദ്ധ പുലർത്തുന്നു. ഇത് ഭാവിയിൽ ഏതു ജീവിത സാഹചര്യത്തിൽ ചെന്നുപെട്ടാലും സ്വന്തം കാര്യം ചെയ്യാനുള്ള കാര്യപ്രാപ്തി ഉണ്ടാക്കിയെടുക്കും. അതുകൊണ്ട് കുട്ടികളെ ചെറുപ്പത്തിലെ വീട്ടിലെ കാര്യങ്ങൾ ചെയ്തു ശീലിപ്പിക്കേണ്ടത് വളരെ അത്യാവശ്യമാണ്.
Comments