കര്‍ക്കിടക മാസത്തില്‍ ആരോഗ്യകാര്യങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കുകയും അതിനാവശ്യമായ ചികിത്സകള്‍ ചെയ്യാറുമുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും പഥ്യത്തോടെ ആയുര്‍വേദ ചികിത്സ നടത്താന്‍ സാധിച്ചെന്നു വരില്ല. എങ്കിലും ദിവസവും നാം കഴിക്കുന്ന ഭക്ഷണത്തില്‍ ചില സാധനങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ അത് നമ്മുടെ ആരോഗ്യത്തിന് ഗുണകരമാകുവുയും രോഗ പ്രതിരോധ ശക്തി കൂട്ടുകയും ചെയ്യുന്നു. വലിയ പ്രയാസമുള്ള വിഭവമല്ല സാധാരണയായി വീട്ടില്‍ ഉണ്ടാക്കാറുള്ള എളുപ്പത്തില്‍ തയ്യാറാക്കാവുന്ന രണ്ടു വിഭവങ്ങളാണിവ. തുളസിയില രസവും ഇഞ്ചി മോരും. രസവും മോരും ആരോഗ്യത്തിന് നല്ലതാണ് എന്നാല്‍ അതിലേക്ക് ചില ആയുര്‍വേദ മരുന്നുകള്‍ കൂടിയാകുമ്പോള്‍ അതിന്റെ ഗുണം ഇരട്ടിക്കുന്നു.
തുളസി രസം : ഒരു ചെറുനാരങ്ങാ വലിപ്പത്തില്‍ പുളി എടുത്ത് വെള്ളത്തില്‍ കുതിരാനായി വെക്കുക. തുവരപ്പരിപ്പും കുരുമുളകും ഉലുവയും ചേര്‍ത്ത് മിക്‌സിയില്‍ അടിച്ച് മാറ്റിവയ്‌ക്കുക. പാനില്‍ എണ്ണയൊഴിച്ച് കടുക് ഇട്ട് പൊട്ടിച്ച് അതിനുശേഷം കറിവേപ്പിലയും തക്കാളിയും ഇട്ടു വഴറ്റുക. അതിലേക്ക് കുതിരാന്‍ വെച്ച പുളി നന്നായി പിഴിഞ്ഞ് ചേര്‍ക്കുക കൂടെ അടിച്ചു വച്ചിരിക്കുന്ന കൂട്ടും ചേര്‍ക്കുക. ഇതിലേക്ക് വെളുത്തുള്ളി, ഇഞ്ചി എന്നിവ ചേര്‍ക്കുക നന്നായി തിളച്ചുവരുമ്പോള്‍ അരച്ചുവെച്ചിരിക്കുന്ന തുളസിയില കൂടി ഇതിലേക്ക് ചേര്‍ത്ത് കൊടുക്കുക നന്നായി തിളച്ചശേഷം വാങ്ങി മാറ്റിവയ്‌ക്കുക. അതിലേക്ക് ഉലുവ താളിച്ച് ചേര്‍ക്കുക. വളരെ സ്വാദിഷ്ടവും ആരോഗ്യപ്രദമായ തുളസി രസം എളുപ്പത്തില്‍ തയ്യാറാക്കാം.
ഇഞ്ചി മോര്: നാടന്‍ മോരാണ് ഇതിന് ഏറ്റവും നല്ലത്. കടയില്‍ നിന്ന് വാങ്ങിക്കുന്ന മോരാണെങ്കില്‍ നന്നായി മിക്‌സിയില്‍ അടിച്ചെടുക്കണം. അതിനുശേഷം പാത്രത്തില്‍ കടുക് പൊട്ടിച്ച് കറിവേപ്പില ഇട്ട് ഇതിലേക്ക് അരിഞ്ഞു വെച്ച ചെറിയ ഉള്ളി, പച്ചമുളക് എന്നിവ ചേര്‍ത്ത് കൊടുക്കുക. അതിന്റെ കൂടെ മോര് ഒഴിച്ച് നന്നായി ഇളക്കുക ഒരു നുള്ള് മഞ്ഞള്‍ പൊടി ഇട്ടു കൊടുക്കുക. വലിയ രണ്ടു കഷണം ഇഞ്ചി എടുത്ത് നന്നായി തൊലികളഞ്ഞ് മിക്‌സിയില്‍ അടിച്ച് അതിന്റെ നീരും ചേര്‍ക്കുക. നന്നായി തിളച്ചതിനുശേഷം ഉലുവയില്‍ താളിക്കുക















