ചൂടുവെള്ളം കുടിച്ചാൽ കൊറോണ മാറും എന്നു പറഞ്ഞു നിരവധി വ്യാജ പരസ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ ധാരാളമായി പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാൽ ചൂടുവെള്ളം മറ്റു വീട്ടുമരുന്നുകൾ എന്നിവ പല രോഗങ്ങൾക്കും ഗുണപ്രദമായിരിക്കും, പക്ഷെ കൊറോണ എന്ന മഹാമാരിക്ക് ഇത്തരം മരുന്നുകൾ ഫലപ്രദമല്ല.
കൊറോണയ്‌ക്കെതിരെ നിലവിൽ മരുന്നുകളൊന്നും ലഭ്യമല്ല. കൊറോണ ചികിൽസിച്ചു സുഖപ്രദമാക്കുവാനുള്ള മരുന്നുകൾക്കായി മാസങ്ങളായി ശാസ്ത്രജ്ഞർ ഗവേഷണം നടത്തികൊണ്ടിരിക്കുകയായിരുന്നു. ഗവേഷണത്തിന്റെ ഭാഗമായി പല സർവകലാശാലകളും മരുന്നുകൾ ആളുകളിൽ പരീക്ഷിക്കുന്നുണ്ട്. എന്നാൽ പൂർണ്ണമായി കോവിഡ് 19 നെ തടയാൻ ശക്തിയുള്ള മരുന്നുകൾ കണ്ടെത്തിയിട്ടില്ലയെന്നു വിദഗ്‌ധ ഡോക്ടർമാർ പറയുന്നു.
കഴിഞ്ഞ ഏഴ് മാസ കാലമായി മാദ്ധ്യമങ്ങളും, സമൂഹ മാദ്ധ്യമങ്ങളും ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് കൊറോണ എന്ന മഹാമാരി. പ്രതിരോധം എന്ന നിലയിൽ ആളുകൾ വീട്ടിലിരിക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ വഴിയാണ് എല്ലാ വിധ വിവരങ്ങളും കൈമാറുന്നത്. ഇതിനെ മുതലാക്കി പല വ്യാജ മരുന്നിന്റെയും,ചികിത്സയുടെയും പരസ്യങ്ങളും സുലഭമാണ്. ഇത്തരം തെറ്റായ വിവരങ്ങളിൽ ഒരിക്കലും അകപ്പെടരുത് എന്നാണ് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്.
പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കുക, കൈകൾ വൃത്തിയായി സൂക്ഷിക്കുക, സാമൂഹിക അകലം പാലിക്കുക എന്നീ കാര്യങ്ങൾ മാത്രമാണ് ഇപ്പോൾ വൈറസ് തടയാനുള്ള ഏക മാർഗ്ഗം. വ്യാജ മരുന്നുകളുടെ പരസ്യം പോലെ വ്യാജ സാനിറ്റൈസറും, മാസ്‌ക്കുകളും കടയിൽ ഇന്ന് സുലഭമാണ്. ഇത്തരം ചതിക്കുഴികളിൽ വീഴാതെ സർക്കാരും ആരോഗ്യ വകുപ്പും നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക എന്നതാണ് ഇപ്പോൾ ചെയ്യാനുള്ളത്. വ്യാജ സന്ദേശങ്ങളിൽ വിശ്വസിക്കാതിരിക്കുക. സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും കൂടെ സഹകരിച്ചാൽ ഈ രോഗത്തെ പ്രതിരോധിക്കാനാകും.















