മലയാളികള്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു 1992 ല്‍ സിദ്ദിഖ്‌ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ വിയറ്റ്‌നാം കോളനി എന്ന മോഹന്‍ലാല്‍ ചിത്രം. ഒരുപാട് തമാശകളും സംഘട്ടനങ്ങളും പ്രണയ രംഗങ്ങളും കൂട്ടിക്കലര്‍ത്തിയ ഈ ചിത്രം ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. കനകയായിരുന്നു സിനിമയില്‍ നായികയായി എത്തിയത്. സിനിമയുടെ ഭൂരിഭാഗവും ഷൂട്ട് ചെയ്തത് ആലപ്പുഴ ജില്ലയിലെ സിവില്‍ സ്റ്റേഷനിലെ ജെയിന്‍ ബില്‍ഡിങ്ങ് എന്ന് പേരുള്ള പഴയ ഗുജറാത്തി കെട്ടിടത്തിലാണ്.
നൂറ്റി അന്‍പത് വര്‍ഷത്തെ പഴക്കമുള്ള കെട്ടിടത്തിന്റെ ഇന്നത്തെ അവസ്ഥ വളരെ മോശമാണ്. നിര്‍ത്താതെ പെയ്യുന്ന മഴ താങ്ങാനാവാതെ മേല്‍ക്കൂരകള്‍ മിക്കതും തകര്‍ന്ന അവസ്ഥയിലാണ് ഈ കെട്ടിടങ്ങളിലേറേയും. വാടകക്കാരായി അഞ്ചോളം കുടുംബങ്ങള്‍ ഇന്നും ഈ കെട്ടിടത്തില്‍ താമസിക്കുന്നുണ്ട്. ആലപ്പുഴ ജില്ലയുടെ ചരിത്രത്തിന്റെ ഭാഗം കൂടിയാണ് ജൈന ടെംപിള്‍ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഈ ബില്‍ഡിങ്ങുകള്‍. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ആലപ്പുഴ ജില്ലയിലെ മലഞ്ചരക്ക് വ്യാപാര കേന്ദ്രം സ്ഥിതി ചെയ്തിരുന്നത് ഇപ്പോള്‍ ഗുജറാത്തി ബില്‍ഡിങ്ങുകള്‍ നില്‍ക്കുന്ന സ്ഥലത്തായിരുന്നു എന്നും പറയുന്നു.
വിയറ്റ്‌നാം കോളനി എന്ന ചിത്രത്തിലൂടെ ഈ കെട്ടിടത്തിലെ മുക്കുംമൂലയും നമുക്ക് പരിചിതമാണ്. വിയറ്റ്‌നാം കോളനിയിലെ ആളുകളെ ഒഴിപ്പിക്കാനെത്തിയ കൃഷ്ണ മൂര്‍ത്തിയേയും, പട്ടാളം ജാനകിയേയും, അവിടുത്തെ പ്രധാന ഗുണ്ടകളായ ഇരുമ്പും, റാവുത്തറും, സ്രാങ്കിനേയുമെല്ലാം കെട്ടിടത്തിലെ ഓരോ കോണുകളിലും നമുക്ക് കാണാന്‍ സാധിക്കും. അത്ര മനോഹരമായാണ് ഈ ചിത്രത്തിലെ ഓരോ രംഗങ്ങളും വിയറ്റ്‌നാം കോളനിയായി നമ്മളിലേക്കെത്തിയ ജയിന്‍ ബില്‍ഡിങ്ങ് എന്ന ഗുജറാത്തി കെട്ടിടത്തില്‍ വെച്ച് ചിത്രീകരിച്ചിട്ടുള്ളത്. സിനിമയിലെ ഭൂരിഭാഗവും രംഗങ്ങളും ഇവിടെ വച്ചായിരുന്നു എന്ന് തന്നെ പറയാം.















