ഭക്ഷണത്തിന് രുചി വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന സ്വാദിഷ്ടമായ പദാര്‍ത്ഥം മാത്രമല്ല ഉപ്പ്. മനുഷ്യ ശരീരത്തിലെ പേശികള്‍ക്കും, നാഡികളുടെ പ്രവര്‍ത്തനത്തിനും അത്യാവശ്യമായ ഒരു ധാതു കൂടിയാണ് ഉപ്പ്. 40 ശതമാനം സോഡിയവും 60 ശതമാനം ക്ലോറൈഡും ചേര്‍ന്ന ഉപ്പ് നമ്മുടെ ശരീരത്തിലെ വെള്ളവും ധാതു സന്തുലിതാവസ്ഥയും ശരിയായി നിലനിര്‍ത്താന്‍ സഹായിക്കുന്നു.
എന്നാല്‍ വളരെയധികം ഉപ്പ് കഴിക്കുന്നത് ശരീരത്തിന് ചെറുതും വലുതമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നു. ടിവി കാണുമ്പോഴും സിനിമ കാണുമ്പോഴും ചിലര്‍ക്ക് സ്നാക്ക്സ് കൊറിക്കുന്നത് ശീലമാണ്. ചിലപ്പോള്‍ നിങ്ങള്‍ തിരഞ്ഞെടുക്കുന്നത് ഉപ്പിട്ട് വറുത്ത ഉരുളക്കിഴങ്ങ് ചിപ്സുകളാകാം. ഇത് കഴിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തില്‍ നിന്നും അധിക സോഡിയം നീക്കം ചെയ്യാന്‍ നിങ്ങള്‍ കൂടുതല്‍ പരിശ്രമിക്കേണ്ടതുണ്ട്.
വളരെ അധികം ഉപ്പ് കഴിക്കുന്നതിന്റെ ചില പ്രശ്നങ്ങള്‍ പരിശോധിക്കാം.
1. വെള്ളം നിലനിര്‍ത്തുക
ഉപ്പ് ധാരാളം അടങ്ങിയ ഭക്ഷണം കഴിച്ച ശേഷം ശരീരം വീര്‍ത്തതായി അനുഭവപ്പെടുന്നത് തിരിച്ചറിഞ്ഞിട്ടുണ്ടോ.? ഇത് എന്ത് കൊണ്ട് ഇങ്ങനെ സംഭവിക്കുന്നുവെന്നാല് ഉപ്പിന്റെ അളവ് അധികമുള്ള ഭക്ഷണം കഴിക്കുമ്പോള്‍ ശരീരത്തിലെ നിര്‍ദ്ദിഷ്ട അളവിലുള്ള സോഡിയവും വെള്ളവും തമ്മിലുള്ള അനുപാതം നിലനിര്‍ത്താന്‍ ശരീരം ശ്രമിക്കുന്നു. കൂടാതെ ഉപ്പ് അധികമായി കഴിക്കുമ്പോള്‍ ശരീരത്തില്‍ വെള്ളം നിലനിര്‍ത്താനായി വൃക്കകള്‍ അധിക വെള്ളം പിടിച്ചെടുക്കും. ഇത് വീക്കത്തിന് കാരണമായേക്കാം. കൈകാലുകള്‍ക്ക് അസ്വസ്ഥതയും ഉണ്ടാക്കാം.
2. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം
ഉപ്പ് കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോള്‍ രക്തക്കുഴലുകളിലും ധമനികളിലും രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. ഇത് താത്ക്കാലികമായെങ്കിലും രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. എന്നാല്‍ ഇതുകൊണ്ട് മാത്രമല്ല, പാരമ്പര്യമായും ഹോര്‍മോണുകളുടെ വ്യതിയാനം കൊണ്ടും രക്തസമ്മര്‍ദ്ദത്തിന്റെ അളവ് വര്‍ദ്ധിക്കാം. അതേസമയം ഉപ്പുള്ള ഭക്ഷണം കഴിച്ച ശേഷം പ്രായമായവരില്‍ രക്തസമ്മര്‍ദ്ദം ഉയരാന്‍ സാധ്യത കൂടുതലാണ്.
3. ദാഹം ഉണ്ടാക്കും
ഉപ്പുള്ള ഭക്ഷണം കഴിച്ച ശേഷം വെള്ളം കുടിക്കാനുള്ള പ്രവണത വര്‍ദ്ധിക്കും. ശരീരത്തിലെ സോഡിയവും വെള്ളവും തമ്മിലുള്ള അനുപാതം സന്തുലിതമാക്കാനുള്ള വഴിയാണിത്. വെള്ളം ധാരാളം കുടിക്കുന്നതിലൂടെ വിഷാംശങ്ങളെ പുറന്തള്ളുന്നു. മറിച്ചാണെങ്കില്‍ ശരീരത്തില്‍ സോഡിയത്തിന്റെ അളവ് സുരക്ഷിതമായ അളവിനപ്പുറം വര്‍ദ്ധിക്കുകയും വെള്ളത്തിന്റെ അളവ് കുറയുകയും അതിന്റെ ഫലമായി ഹൈപ്പര്‍നാട്രീമിയ ഉണ്ടാവുകയും ചെയ്യുന്നു.
4. ഹൃദയസംബന്ധമായ പ്രശ്നം
ഉപ്പ് ധാരാളം അടങ്ങിയ ഭക്ഷണം ഹൃദയത്തിന് ദോഷകരമാണ്. രക്തത്തിന്റെ അളവ് വര്‍ദ്ധിക്കുന്നത് രക്തക്കുഴലുകളിലെ മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. അതായത് ഹൃദയത്തിന് കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടി വരും. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയ്ക്ക് കാരണമാകും.
ഉപ്പ് ധാരാളം കഴിച്ചാല്‍ ചെയ്യേണ്ടത് ധാരാളം വെള്ളം കുടിക്കുക, വ്യായാമം ചെയ്യുക, വാഴപ്പഴം കഴിക്കുക. ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാന്‍ വെള്ളം സഹായിക്കുന്നു. ഉപ്പുള്ള ഭക്ഷണം കഴിച്ച ശേഷം വെള്ളം കുടിക്കുന്നത് വൃക്കയില്‍ നിന്നും സോഡിയം നീക്കം ചെയ്യാന്‍ സഹായിക്കുകയും, ശരീരം വീര്‍ക്കുന്നത് ഒഴിവാക്കുകയും ചെയ്യുന്നു. വ്യായാമം വിയര്‍പ്പിന്റെ രൂപത്തില്‍ സോഡിയം നഷ്ടപ്പെടാന്‍ സഹായിക്കും. പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങളായ വാഴപ്പഴം, വെളുത്തപയര്, ഇലക്കറികള്‍ എന്നിവ ശരീരത്തിലെ സോഡിയത്തിന്റെ പ്രതികൂല ഫലത്തെ പ്രതിരോധിക്കാന്‍ സഹായിക്കും.
Comments