ഇന്‍ഡ്യന്‍ സിനിമയിലെ ചരിത്രമായിരുന്നു ‘പഥേര്‍ പാഞ്ചലി ‘. ക്ലാസിക് സിനിമകള്‍ എന്നൊക്കെ പറയുമ്പോള്‍ ആദ്യം മനസിലേക്ക് വരുന്ന പേരും പഥേര്‍ പാഞ്ചലിയുടെതാവും. ഏതു സിനിമ പഠനക്കളരിയാണ് ആ പേര് സ്പര്‍ശിക്കാതെ ആരംഭിക്കുകയും അതിനെ പ്രകീര്‍ത്തിക്കാതെ അവസാനിക്കുകയും ചെയ്യുക ?
1955 ല്‍ ആഗസ്റ്റ് 26 നാണ് സത്യജിത്ത് റായ് എന്ന പ്രശസ്തനായ സംവിധായകന്‍റെ ‘ പഥേര്‍ പാഞ്ചലി ‘ എന്ന ബംഗാളി സിനിമ റിലീസ് ചെയ്യപ്പെട്ടത്. ബിഭൂതിഭൂഷന്‍ ബന്‍ന്ധോപാദ്ധ്യായ് എന്ന പ്രശസ്തനായ എഴുത്തുകാരന്‍റെ നോവലിനെ ആസ്പദമാക്കിയാണ് സത്യജിത്ത് റായ് ഈ സിനിമ സൃഷ്ടിച്ചത് .1956 ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ‘ ബെസ്റ്റ് ഹ്യൂമണ്‍ ഡോക്യുമെന്‍റ് ‘ അവാര്‍ഡ് നല്കി ലോകവും പഥേര്‍ പാഞ്ചാലിയെ അംഗീകരിച്ചു. ഇന്‍ഡ്യന്‍ സിനിമയില്‍ മാത്രമല്ല , ലോക സിനിമയില്‍ തന്നെ ഒരു പുത്തന്‍ പാത വെട്ടിയെടുത്തു ‘പഥേര്‍ പാഞ്ചലി ‘.
‘പഥേര്‍ പാഞ്ചലി’യെ പാതയുടെ സംഗീതം എന്നു നമുക്ക് വിവര്‍ത്തനം ചെയ്യാം. നീണ്ടുകിടക്കുന്ന അറ്റമില്ലാത്ത പാത . അതിലൂടെ പല ലക്ഷ്യങ്ങളിലേക്കും നടന്നുനീങ്ങുന്ന ജീവിതമാണ് പഥേര്‍ പാഞ്ചലി വെള്ളിത്തിരയില്‍ എത്തിച്ചത് .
അപൂവിനെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത് . അപൂവിന്‍റേയും അവന്‍റെ സഹോദരി ദുര്‍ഗയുടെയും ബാല്യവും വളര്‍ച്ചയും ആണ് സിനിമയ്‌ക്ക് ആധാരം . ഒരു കുടുംബത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ വിഷമിക്കുന്ന ഹരിഹറും ഇല്ലായ്മയില്‍ ഉഴലുന്ന അയാളുടെ ഭാര്യയും , ” എന്താ , ഒരു കിഴവിക്ക് ആഗ്രഹങ്ങള്‍ ഉണ്ടായികൂടേ? ‘ എന്നു ചോദിക്കുന്ന പ്രായമായ ഇന്ദിര്‍ ഠാക്കൂറും , ദുര്‍ഗയും അപൂവും ആ പച്ചയായ ഗ്രാമവും എല്ലാം അന്നത്തെ ഭാരതത്തെ തുറന്നുകാട്ടി .
രവിശങ്കറിന്‍റെ സംഗീതം എടുത്ത് പറയണ്ട ഒന്നാണ് . സിനിമയിലെ പ്രധാന രംഗങ്ങളില്‍ എല്ലാം അദ്ദേഹത്തിന്‍റെ സിത്താര്‍ മാന്ത്രികത സൃഷ്ടിച്ചു . ദുര്‍ഗ , മഴ നനയുന്ന രംഗത്തില്‍ സംഗീതം പ്രേക്ഷകന്‍റെ മനസിലേക്കും നനവ് പടര്‍ത്തി . ആ രംഗവും അതിലുപയോഗിച്ച സംഗീതവും പിന്നീട് ഒരുപാട് പ്രശംസ ഏറ്റുവാങ്ങിയ ഒന്നാണ്. ദുര്‍ഗയുടെ കൗമാരത്തില്‍ നിന്നും യൗവ്വനത്തിലേക്കുള്ള ചുവടുവെപ്പായി ആ രംഗം വ്യാഖ്യാനിക്കപ്പെട്ടു. ഒടുവില്‍ ഒരു രംഗത്തില്‍ ദുര്‍ഗ അസുഖത്തിന് കീഴടങ്ങി മരണമടഞ്ഞപ്പോളും സര്‍ബജയുടെ നിലവിളി നമ്മള്‍ കേട്ടില്ല . പകരം രവിശങ്കറിന്‍റെ സംഗീതം ഒഴുകി വന്നു.
ഈ ആഗസ്റ്റ് 26 നു അപൂ ലോകം കണ്ടുതുടങ്ങിയിട്ട് , ദുര്‍ഗ ആ ഗ്രാമത്തിന്‍റെ ഇടവഴികളിലൂടെ ഓടിത്തുടങ്ങിയിട്ട്, ഇന്ദിര്‍ ഠാകൂര്‍ ‘ഹരി’ യോട് തന്നെ മറുകരയിലെത്തിക്കാന്‍ അപേക്ഷിച്ചിട്ട് 65 വര്‍ഷമാകുന്നു. സത്യജിത്ത് റായ് അന്ന് തുറന്നുകൊടുത്ത പാതയിലൂടെ ഒരുപാടാളുകള്‍ കടന്നുവന്നു. പാത നീണ്ട് കിടക്കുന്നു . 65 വര്‍ഷങ്ങള്‍ക്കിപ്പുറവും ‘ പാതയുടെ സംഗീതം ‘ ഉയര്‍ന്ന് കേള്‍ക്കുന്നു .
Comments