കൊറോണ രോഗബാധിതരില്‍ ഉണ്ടാകുന്ന പ്രധാന രോഗലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. പനി, ചുമ, തൊണ്ടവേദന, മണവും രുചിയും നഷ്ടപ്പെടല്‍ എന്നിവയൊക്കെയാണ് കൊറോണ വൈറസ് ബാധിതരില്‍ കണ്ടു വരുന്ന പ്രധാന രോഗലക്ഷണങ്ങള്‍. എന്നാല്‍ പകര്‍ച്ചപ്പനിയും കൊറോണയും തമ്മില്‍ തിരിച്ചറിയാന്‍ പലര്‍ക്കും അറിയില്ല. കൊറോണ വൈറസ് ബാധയേറ്റാലുണ്ടാകുന്ന ആദ്യ ലക്ഷണമെന്താണ്, രോഗികളിലുണ്ടാകുന്ന ശാരീരിക മാറ്റങ്ങള്‍ എന്തൊക്കെയാണ് എന്നിവ കണ്ടെത്തിയിരിക്കുകയാണ് അമേരിക്കയിലെ ഒരു സംഘം ഗവേഷകര്‍.
കൊറോണ രോഗികളില്‍ ആദ്യം കാണപ്പെടുന്ന ലക്ഷണം പനിയായിരിക്കുമെന്നാണ് ഇവര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. പനിയ്‌ക്ക് പിന്നാലെ ചുമ, പേശി വേദന, മനംമറിച്ചില്‍, ഛര്‍ദ്ദി, വയറിളക്കം എന്നിങ്ങനെയായിരിക്കും രോഗലക്ഷണങ്ങള്‍ കാണപ്പെടുകയെന്നും ഗവേഷകര്‍ പഠനത്തില്‍ വ്യക്തമാക്കുന്നു.
ഡോക്ടര്‍മാര്‍ക്ക് വളരെ വേഗം രോഗ നിര്‍ണ്ണയം നടത്താന്‍ ഈ കണ്ടെത്തലുകള്‍ സഹായിക്കുമെന്നും ശരിയായ ചികിത്സ നല്‍കാനും ഐസൊലേഷന്‍ പോലുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാനും സഹായകമാകുമെന്നും പഠനത്തില്‍ പറയുന്നു.
സാര്‍സ്, മെര്‍സ്, കൊറോണ എന്നീ രോഗങ്ങളുടെ ആദ്യ ലക്ഷണങ്ങള്‍ പനിയും ചുമയുമാണ്. എന്നാല്‍ കൊറോണ ബാധിതരുടെ ദഹനനാളിയുടെ മുകള്‍ ഭാഗത്തായിരിക്കും വൈറസ് ബാധ കാണപ്പെടുക.
സാര്‍സ്, മെര്‍സ് എന്നിവയില്‍ രോഗം ബാധിക്കുന്നത് ദഹന നാളിയുടെ താഴ്ഭാഗത്തായിരിക്കുമെന്നും പഠനത്തില്‍ വിശദീകരിക്കുന്നു. ചൈനയില്‍ രോഗം സ്ഥിരീകരിച്ച 55,000 ത്തോളം ആളുകളുടെ ലക്ഷണങ്ങള്‍ പരിശോധിച്ചാണ് ഗവേഷകര്‍ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Comments