ഇന്ന് ചിങ്ങം ഒന്ന്. മലയാളികള്‍ക്ക് പുതുവര്‍ഷാരംഭം. കൊറോണ മഹാമാരിക്കിടയിലും പൊന്നിന്‍ ചിങ്ങത്തെ പ്രതീക്ഷയോടെ വരവേല്‍ക്കാനൊരുങ്ങുകയാണ് നാമെല്ലാം. പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താം എന്ന പ്രതീക്ഷയിലാണ് ഓരോ മലയാളിയും.
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും പുത്തന്‍ പ്രതീക്ഷകളാണ് ഓരോ മലയാളികള്‍ക്കും ചിങ്ങമാസം. കാര്‍ഷിക സംസ്‌കാരത്തിന്റെയും ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകളാണ് ഓരോ മലയാളികളുടെയും മനസില്‍ ചിങ്ങമാസം ഉണര്‍ത്തുന്നത്. മുറ്റത്തെ ഊഞ്ഞാലും അത്തപ്പൂക്കളവുമായി എത്തുന്ന ഓണക്കാലമാണ് ഇതില്‍ പ്രധാനപ്പെട്ടത്.
ആഘോഷങ്ങളുടെ ആരവങ്ങള്‍ക്ക് കാതോര്‍ക്കുന്ന മലയാളമണ്ണിന് ചിങ്ങം ഏറെ പ്രിയങ്കരമാക്കുന്ന മറ്റൊരു സവിശേഷത കൂടിയുണ്ട്. മലയാള മാസാരംഭം കൂടിയാണ് ചിങ്ങം. കാര്‍ഷിക സമൃദ്ധിയ്‌ക്കായി മണ്ണിലിറങ്ങാന്‍ നാമോരോരുത്തരെയും ഓര്‍മപ്പെടുത്തുന്ന കര്‍ഷക ദിനവും ഇന്നു തന്നെയാണ്.
കഴിഞ്ഞ രണ്ടു വര്‍ഷമായി പെരുമഴയ്‌ക്കും പ്രളയത്തിനും ഇടയിലൂടെയാണ് ചിങ്ങമാസം കടന്നു പോയത്. ഇത്തവണ പ്രളയത്തിനും മഴക്കെടുതിയ്‌ക്കുമൊപ്പം കൊറോണ വൈറസ് എന്ന മഹാമാരിയും ഭീഷണി ഉയര്‍ത്തുന്നു. എങ്കിലും ചിങ്ങത്തെ ഏറെ പ്രതീക്ഷയോടെയാണ് ഏവരും വരവേല്‍ക്കുന്നത്.















