വാഷിംഗ്ടണ്‍: ചൈനീസ് ടെലകോം ഭീമനായ വാവേയ്ക്കെതിരായ അമേരിക്കന്‍ നീക്കം മുറുകുന്നു. ചൈനയ്ക്കെതിരായ നടപടികളുടെ ഭാഗമായി വിവരസാങ്കേതിക മേഖലയിലെ നിയന്ത്രണം കൂടുകയാണ്. പുതിയ 38 അനുബന്ധ കമ്പനികളിലേയ്ക്കും നിരോധനം നീട്ടി. ഇതുപ്രകാരം വിവിധ കമ്പനികള്‍ക്കായി മൈക്രോചിപ്പുകളടക്കം നിര്‍മ്മിച്ചു നല്കിക്കൊണ്ടിരിക്കുന്ന ചൈനീസ് കമ്പനികളെ പ്രത്യേക പട്ടികയില്‍പെടുത്തി. അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയാണ് തീരുമാനം അറിയിച്ചത്.
അമേരിക്കയിലെ നിരവധി സ്ഥാപനങ്ങളുടെ രഹസ്യങ്ങള്‍ ചോര്‍ന്നുവെന്ന വാര്‍ത്തയ്ക്ക് ശേഷം കടുത്ത നടപടികളിലേയ്ക്കാണ് ഭരണകൂടം നീങ്ങിയത്. അമേരിക്കയില്‍ വിവരസാങ്കേതിക രംഗത്തെ നിയമമനുസരിച്ച് ഫോറിന് ഡയറക്ട് പ്രൊഡക്ട് നിയമത്തിന്റെ പരിധിയില്‍ പെടുത്തിയാണ് നിയന്ത്രണം നടപ്പാക്കുന്നത്. വാവേയ്ക്കെതിരായ നിരോധന നടപടികള്കാരണം ബുദ്ധിമുട്ടുന്ന കമ്പനികള്‍ക്ക് പ്രശ്നം പരിഹരിക്കാനായി സമയം നല്‍കിയിട്ടുണ്ടെന്നും കൂടുതല്‍ കാര്യക്ഷമമായ മറ്റ് കമ്പനികളെ കണ്ടെത്തണമെന്നും പോംപിയോ അറിയിച്ചു.
അലിബാബയടക്കമുള്ള വന്‍കിട ഇ-കോമേഴ്സ് കമ്പനികളെ അമേരിക്കയില്‍ നിന്നും പുറത്താക്കുമെന്ന ട്രംപിന്റെ പ്രസ്താവനയും പുറത്തുവന്നിരുന്നു. ടിക്ടോക്കിന്റെ സ്ഥാപക കമ്പനിയായ ബൈറ്റ്ഡാന്സിനെതിരായ നടപടിയ്ക്ക് ഔദ്യോഗിക അംഗീകാരവും ട്രംപ് ഇന്നലെ നല്കി.
Comments