കൊറോണ വൈറസ് വ്യാപനത്തിന്റെ ഭീതിയിലാണ് നാമെല്ലാം. അതിനാല്‍ തന്നെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കേണ്ട ആവശ്യകതയെ കുറിച്ചാണ് എല്ലാവരും ചര്‍ച്ച ചെയ്യുന്നത്. കൊറോണ വൈറസിനെ നേരിടാനുള്ള പ്രധാനപ്പെട്ട ഒരു മാര്‍ഗമാണ് രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുക എന്നത്. രോഗ പ്രതിരോധ ശേഷി ഉണ്ടെങ്കില്‍ രോഗങ്ങളെ ഒരു പരിധി വരെ തടയാന്‍ കഴിയും. നല്ല ഭക്ഷണവും ജീവിത ശൈലിയുമാണ് രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ വേണ്ടത്.
പല കാരണങ്ങള്‍ കൊണ്ട് രോഗ പ്രതിരോധ ശേഷി കുറയാം. രോഗപ്രതിരോധ ശേഷി കുറവാകുന്നതിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
വര്‍ഷത്തില്‍ മൂന്നിലധികം തവണ പിടിപെടുന്ന പനിയും ജലദോഷവും രോഗപ്രതിരോധ ശേഷി കുറവാണെന്നതിന്റെ ലക്ഷണമാണ്. പനിയും ജലദോഷവും മാറാന്‍ സാധാരണയിലധികം സമയമെടുക്കുന്നതും ഇതിന്റെ സൂചനയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.വര്‍ഷത്തില്‍ രണ്ട് തവണയില്‍ കൂടുതല്‍ ആന്റിബയോട്ടിക് മരുന്നുകള്‍ കൊണ്ടുള്ള ചികിത്സ എടുക്കുകയാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് രോഗപ്രതിരോധ ശേഷിയുടെ കുറവാണെന്ന് അമേരിക്കന്‍ അക്കാദമി ഓഫ് അലര്‍ജി ആസ്ത്മ ഇമ്മ്യൂണോളജിയുടെ റിപ്പോര്‍ട്ടിലും വ്യക്തമാക്കുന്നുണ്ട്.
എപ്പോഴും ഉണ്ടാകുന്ന ക്ഷീണവും രോഗപ്രതിരോധ ശേഷിയുമായി ബന്ധപ്പെട്ടിരിക്കാമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ശരീരം ഊര്‍ജത്തോടെയും ആരോഗ്യത്തോടെയും ഉണ്ടാകേണ്ടത് രോഗപ്രതിരോധ ശേഷി നിലനിര്‍ത്തുന്നത് അത്യാവശ്യമാണ്. പല കാരണങ്ങള്‍ കൊണ്ടും ക്ഷീണം അനുഭവപ്പെടാറുണ്ട്. ദെനംദിന പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്ന രീതിയിലുള്ള ക്ഷീണം അനുഭവപ്പെടുകയാണെങ്കില്‍ വൈദ്യ സാഹയം തേടണം.
ദഹന പ്രശ്നങ്ങള്‍, ഉദരസംബന്ധമായ അസുഖങ്ങള്‍ എന്നിവയും രോഗപ്രതിരോധ ശേഷിയെ ബാധിക്കാനിടയുണ്ട്. അതിനാല്‍ ഉദര സംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവര്‍ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.
രോഗപ്രതിരോധ ശേഷി കുറഞ്ഞവരില്‍ ഉണ്ടാകുന്ന മറ്റൊരു ലക്ഷണമാണ് വായ്പ്പുണ്ണ്. പല കാരണങ്ങള്‍ കൊണ്ട് വായ്പ്പുണ്ണ് ഉണ്ടാകാമെങ്കിലും രോഗപ്രതിരോധ ശേഷി ഇല്ലാത്തവരില്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നത്.















