വിയർക്കുന്നത് ആരുടേയും തെറ്റല്ല. എന്നാൽ വിയർപ്പിന്റെ ദുർഗന്ധം പലപ്പോഴും നമ്മളെ അസ്വസ്ഥരാക്കാറുണ്ട്. പുറം കാഴ്ചയിൽ എത്ര വൃത്തിയുണ്ടെങ്കിലും വിയർപ്പിന്റെ നാറ്റം കാരണം മറ്റുള്ളവർ അടുത്തേയ്ക്ക് വരാൻ മടിക്കുന്ന അവസ്ഥ വരെ പലർക്കും ഉണ്ടായിട്ടുണ്ട്. വിയർപ്പ് നമ്മൾക്ക് ഒഴിവാക്കാൻ സാധിക്കില്ലെങ്കിലും, വിയർപ്പിൽ നിന്നും വരുന്ന ദുർഗന്ധം ഒഴിവാക്കാൻ ചില എളുപ്പ വഴികളുണ്ട്.
ശരീര ദുർഗന്ധം നന്നായുള്ളവർ ശുചിത്വം നിർബന്ധമായും പാലിക്കണം. ആന്റിബാക്റ്റീരിയൽ സോപ്പ് ഉപയോഗിച്ച് കയ്യിടുക്കുകൾ നന്നായി കഴുകി വൃത്തിയാക്കുക. നാരങ്ങ ഇരു കയ്യിടുക്കിലും ഉരയ്ക്കുന്നതിലൂടെ വിയർപ്പിനെ നിയന്ത്രിക്കാനാകും. ഒപ്പം കക്ഷങ്ങളിൽ ഉള്ള ഇരുണ്ട നിറവും അവ നീക്കം ചെയ്യും. ബേക്കിങ് സോഡയും ശരീരത്തിലെ ദുർഗന്ധത്തെ ഒഴിവാക്കാൻ സാധിക്കുന്ന ഒരു വസ്തുവാണ്. അതുപോലെ ആന്റിബാക്റ്റീരിയൽ ഘടകങ്ങൾ കൊണ്ട് സമൃദ്ധമായ ആര്യവേപ്പ് ശരീരത്തിൽ ഉണ്ടാക്കുന്ന ദുർഗന്ധത്തെ തടയാൻ ഉത്തമമാണ്. ചെറു ചൂടുവെള്ളത്തിൽ ആര്യവേപ്പിന്റെ നീര് ചേർത്തത്തിനു ശേഷം, ഒരു ടവൽ ഉപയോഗിച്ച് ഇരു കയ്യിടുക്കിലും നന്നായി പുരട്ടുക. ഇതും വിയർപ്പിന്റെ നാറ്റത്തിൽ നിന്ന് ശമനം തരും.
തേനിനും ശരീര ദുർഗന്ധം നിയന്ത്രിക്കാൻ സാധിക്കും. ഒരു ടേബിൾ സ്പൂൺ തേൻ ചൂടുവെള്ളത്തിൽ ചേർത്ത് കുളി കഴിഞ്ഞതിനു ശേഷം ശരീരത്തിൽ പുരട്ടാം. ഇതും വിയർപ്പിന്റെ നാറ്റം കുറയ്ക്കാൻ സഹായിക്കും. വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലും വളരെ ശ്രദ്ധ വേണം. പരമാവധി കോട്ടൺ വസ്ത്രങ്ങളോ, ലിനനോ ഉപയോഗിക്കുക. അതുപോലെ വൃത്തിയുള്ള അടിവസ്ത്രങ്ങളും ധരിക്കണം. ഇത് ശരീരത്തിലെ വിയർപ്പുകൊണ്ടുണ്ടാവുന്ന ദുർഗന്ധം നിയന്ത്രിക്കാനാകും. ഇത്തരം ശീലങ്ങൾ നിങ്ങൾ ജീവിതത്തിൽ ഉൾപ്പെടുത്തുന്നതോടെ വിയർപ്പു കൊണ്ടുണ്ടാവുന്ന അസ്വസ്ഥതകളും, ആത്മവിശ്വാസക്കുറവും അകറ്റാൻ സാധിക്കും.















