ഇതാ മറ്റൊരു ഫോട്ടോഗ്രാഫി ദിവസവും കൂടി കടന്നുപോയി. ചിത്രങ്ങൾ എടുക്കാൻ താൽപ്പര്യം ഇല്ലാത്തവരായി ആരും തന്നെയില്ല. പട്ടിയും പൂച്ചയും പുല്ലുകളും ശലഭങ്ങളും മുതൽ എന്തിനെയും ക്യാമറ കണ്ണുകളിൽ ഒപ്പിയെടുക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. ചിലർക്ക് ഫോട്ടോഗ്രാഫി എന്നാൽ ലഹരിയാണ്. കുന്നും മലയും തടാകങ്ങളും ഒക്കെ കടന്ന് ഒരു യാത്ര, നല്ലൊരു ചിത്രത്തിന് വേണ്ടിയുള്ള യാത്ര. മനോഹരമായ ഒരു ക്ലിക്കിന് വേണ്ടി മണിക്കൂറുകളോളം കാത്തിരിക്കാനുള്ള ഒരു ഫോട്ടോഗ്രാഫറുടെ ക്ഷമയേക്കാൾ വലുതായി മറ്റെന്തുണ്ട്. ഒരു ഡി എസ് എൽ ആർ ക്യാമറക്ക് മാത്രമേ നല്ലൊരു ഫോട്ടോ എടുക്കാൻ സാധിക്കൂ എന്നത് ഒരു മിഥ്യാധാരണ മാത്രമാണ്. ഇന്ന് എല്ലാവരുടെയും കയ്യിൽ കാണുന്ന സ്മാർട്ട്‌ഫോൺ ഉപയോഗിച്ച് കിടിലൻ ചിത്രങ്ങൾ എടുക്കാവുന്നതേ ഉള്ളൂ. സ്മാർട്ട്‌ഫോൺ ഉപയോഗിച്ച് ഫോട്ടോയെടുക്കുമ്പോൾ ചില കാര്യങ്ങൾ മനസിലാക്കേണ്ടതുണ്ട്. അതെന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
1. ഫോട്ടോ എടുക്കുന്നതിന് മുമ്പ് ലെൻസുകൾ തുടയ്‌ക്കുക. പലർക്കും ഈ ഒരു ടിപ്പ് കോമഡി ആയി തോന്നിയേക്കാം. പക്ഷെ ഇങ്ങനെ ഒന്ന് ചെയ്യാതെ ഒരു ചിത്രം എടുത്താൽ എന്തായിരിക്കും സ്ഥിതി എന്ന് ആലോചിച്ചു നോക്കൂ.
2. മറ്റൊന്ന് ചിത്രത്തിലെ പ്രകാശം സമമാക്കുക എന്നതാണ്. അതിനു വേണ്ടി ചിത്രത്തിൽ പ്രകാശം കൂടുതലുള്ള ഭാഗം ടാപ് ചെയ്യുക. ഇതിലൂടെ ഫോട്ടോയിലെ പ്രകാശം ക്രമീകരിക്കാൻ സാധിക്കും.
3. ഒരിക്കലും പ്രകാശത്തിന്റെ അതേ ദിശയിൽ നിന്ന് ചിത്രം എടുക്കരുത്. പകരം ചിത്രത്തിൽ പ്രകാശം കിട്ടുന്ന നിലയിൽ പ്രകാശത്തിന്റെ എതിർ ദിശയിൽ നിന്ന് ചിത്രം എടുക്കുക. ചിത്രം എടുക്കുമ്പോൾ പ്രകാശ സ്രോതസ്സ് ഫോക്കസ് ചെയ്യാതിരിക്കുക.
4. ചെടികളുടെയോ പൂക്കളുടെയോ ചിത്രങ്ങൾ എടുക്കുമ്പോൾ പോർട്ടറേറ്റ് മോഡിൽ എടുക്കുക.
5. നിശ്ചലമായിരിക്കുന്ന ഒരു വസ്തുവിന്റെ വീഡിയോ എടുക്കുകയാണെങ്കിൽ കഴിവതും പതുക്കെ എടുക്കുക. അല്ലാത്തപക്ഷം വീഡിയോ വളരെ മോശമാവാൻ സാധ്യതയുണ്ട്.
6. ചില ദൃശ്യങ്ങൾ കളർ ഫോട്ടോ ആയി എടുക്കുന്നതിനേക്കാൾ മനോഹരം ബ്ലാക്ക് & വൈറ്റ് ആയി എടുക്കുന്നത് ആയിരിക്കും.
Comments