ന്യൂഡല്‍ഹി: സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന ചൈനീസ് അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കി ഇന്ത്യ. നിലവില്‍ ഏഴ് ചൈനീസ് വ്യോമതാവളങ്ങള്‍ ഇന്ത്യന്‍ ഏജന്‍സികളുടെ സൂക്ഷ്മ നിരീക്ഷണത്തിലാണ്. ചൈനീസ് വ്യോമസേനയുടെ നീക്കങ്ങളാണ് ഇന്ത്യ പ്രധാനമായും വീക്ഷിക്കുന്നത്.
ഹോട്ടന്‍, ഗര്‍ ഗുന്‍സ, കഷ്ഘാര്‍, ഹോപ്പിംഗ്, ധോന്‍ക സോങ്, ലിന്‍ഴി, പംഗാത് വ്യോമതാവളങ്ങളാണ് ഇന്ത്യ നിരീക്ഷിക്കുന്നത്. ഇവിടങ്ങളില്‍ അടുത്ത കാലത്തായി ചൈനീസ് വ്യോമസേനയുടെ ഭാഗത്തുനിന്നും ചില നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈ വ്യോമ താവളങ്ങളെല്ലാം തന്നെ ലഡാക്ക്, അരുണാചല്‍ പ്രദേശ് അതിര്‍ത്തികളിലും ടിബറ്റന്‍ മേഖലകളിലുമാണുള്ളത്.
ഏഴ് വ്യോമതാവളങ്ങളിലും അടുത്തിടെയായി ചില നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നാണ് ഇന്ത്യന്‍ ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നത്. ചൈനീസ് വ്യോമസേന ഇവിടങ്ങളിലെ റണ്‍വേകളുടെ നീളം കൂട്ടുകയും ഓപ്പറേഷനുകള്‍ക്കായുള്ള അംഗബലം വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. ലിന്‍ഴി വ്യോമതാവളത്തില്‍ ഹെലികോപ്റ്റര്‍ വിന്യാസമാണ് ചൈന നടത്തിയിരിക്കുന്നത്. ഇവിടെ കൂടുതല്‍ ഹെലിപാഡുകള്‍ ചൈന നിര്‍മ്മിക്കുന്നുണ്ട്.
ചൈനയുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് ഇന്ത്യന്‍ വ്യോമസേനയും വന്‍ തയ്യാറെടുപ്പുകളാണ് നടത്തുന്നത്. സുഖോയ്-30, മിഗ്-29, മിറാഷ്-2000എസ് എന്നിവയെ ഇന്ത്യ അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ട്. അതേസമയം, ലഡാക്ക് മേഖലയില്‍ ചൈനയെക്കാള്‍ ഒരുപടി മുന്നിലാണ് ഇന്ത്യയെന്ന് പ്രതിരോധ വിദഗ്ധര്‍ വ്യക്തമാക്കുന്നു. ഉയര്‍ന്ന മലനിരകളില്‍ നിന്നും ടേക്ക് ഓഫ് ചെയ്യുകയും ലാന്‍ഡ് ചെയ്യുകയും വേണമെന്നതാണ് ചൈനീസ് വ്യോമതാവളങ്ങളുടെ പോരായ്മയായി വിലയിരുത്തപ്പെടുന്നത്.















