ന്യൂഡല്‍ഹി : ശത്രുക്കള്‍ക്കെതിരെ കരുത്ത് വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങി അതിര്‍ത്തി സംരക്ഷണസേന (ബിഎസ്എഫ്). ഇതിനായി കൂടുതല്‍ ഡ്രോണുകളും, ഡ്രോണ്‍ വേധ സംവിധാനങ്ങളും വാങ്ങാനാണ് ബിഎസ്എഫിന്റെ തീരുമാനം. ഡ്രോണുകളും, ഡ്രോണ്‍ വേധ സംവിധാനങ്ങളും വാങ്ങാന്‍ ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ അനുമതിയും നല്‍കിയിട്ടുണ്ട്.
436 ചെറിയ ,മൈക്രോ ഡ്രോണുകളാണ് അതിര്‍ത്തിയിലെ നിരീക്ഷണങ്ങള്‍ക്കായി ബിഎസ്എഫ് വാങ്ങിക്കാന്‍ ഒരുങ്ങുന്നത്. ഇതിന് പുറമേ ആയുധങ്ങളുമായി അതിര്‍ത്തി കടക്കുന്ന ഏത് തരം ഡ്രോണും തകര്‍ത്ത് എറിയാന്‍ ശേഷിയുള്ള ഡ്രോണ്‍ വേധ സംവിധാനവും വാങ്ങുന്നുണ്ട്.
കോംപര്‍ഹെന്‍സീവ് ഇന്റഗ്രേറ്റഡ് ബോര്‍ഡര്‍ മാനേജ്‌മെന്റ് പ്ലാനിന്റെ കീഴിലാണ് ഡ്രോണുകളും മറ്റും ബിഎസ്എഫ് വാങ്ങാന്‍ ഒരുങ്ങുന്നത്. പദ്ധതിക്ക് കീഴില്‍ പാകിസ്താന്‍, ബംഗ്ലാദേശ് അതിര്‍ത്തിയിലെ 1923 ഔട്ട് പോസ്റ്റുകളിലും സെന്‍സറുകളും, സിസിക്യാമറകളും സജ്ജീകരിക്കും. സെക്ടര്‍ ആസ്ഥാനങ്ങളിലെ 1,500 പോസ്റ്റുകളിലാകും ഡ്രോണുകളും, ഡ്രോണ്‍വേധ സംവിധാനങ്ങളും സജ്ജീകരിക്കുക. ബിഎസ്എഫ് വാങ്ങുന്ന ഡ്രോണുകള്‍ക്കും, ഡ്രോണ്‍ വേധ സംവിധാനങ്ങള്‍ക്കും ഏകദേശം 88 കോടി രൂപ ചിലവ് വരുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്.
നിലവില്‍ ബിഎസ്എഫും സുരക്ഷാ ഏജന്‍സുകളും ചേര്‍ന്ന് പാകിസ്താന്റെയും പഞ്ചാബിന്റെയും അതിര്‍ത്തി പ്രദേശങ്ങളില്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത് ഡ്രോണ്‍ വേധ സംവിധാനങ്ങള്‍ പരീക്ഷിച്ച് പോരുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി പാകിസ്താന്‍ ആയുധങ്ങള്‍ കടത്തുന്നതിനായി ചൈനീസ് നിര്‍മ്മിത ഡ്രോണുകളാണ് ഉപയോഗിക്കുന്നത് എന്നാണ് ബിഎസ്എഫ് വ്യക്തമാക്കുന്നത്.















