ന്യൂഡല്‍ഹി: കൊറോണ വൈറസ് സ്ത്രീകളിലും അധികം ബാധിക്കുന്നത് പുരുഷന്മാരെയെന്ന് പഠനങ്ങള്‍. വൈറസ് ബാധിക്കാനുള്ള സാധ്യത തുല്യമാണെങ്കിലും, ഇതുവരെ രോഗം ബാധിച്ചതില്‍ ഭൂരിഭാഗവും പുരുഷന്മാരാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. പനി, ചുമ, മണമോ രുചിയോ തിരിച്ചറിയാനാകാത്ത അവസ്ഥ, ഇങ്ങനെ ശരീരത്തില്‍ സംഭവിക്കുന്ന ചില മാറ്റങ്ങളില്‍ നിന്നാണ് അസുഖം തിരിച്ചറിയുന്നത്. രോഗം ബാധിച്ചവരില്‍ 80 ശതമാനവും നിശബ്ദ വാഹകരാണ്. സ്ത്രീകളിലും അധികം പുരുഷന്മാരാണ് ഈ രോഗത്തിന് പെട്ടന്ന് കീഴടങ്ങുന്നത്. സ്ത്രീകളെ അപേക്ഷിച്ച് ഇവരില്‍ രോഗത്തിന്റെ തീവ്രതയും കൂടുതലായിരിക്കും. ലോകമെമ്പാടുമുള്ള കണക്ക് പരിശോധിച്ചാല്‍ കൊറോണ ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലും പുരുഷന്മാരാണ് കൂടുതല്‍. ജീവശാസ്ത്രപരമായ പ്രത്യേകതകള്‍ മുതല്‍ മോശം ശീലങ്ങള്‍ വരെ ഇതിന് കാരണമായിട്ടുണ്ടാകാമെന്നും പഠനങ്ങള്‍ പറയുന്നു.
ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം കൊറോണ ബാധിച്ച് മരിച്ചവരില്‍ 63 ശതമാനവും പുരുഷന്മാരാണ്. ഇന്ത്യയില്‍ ഇത് 65 ശതമാനം വരും. 35 ശതമാനം സ്ത്രീകളാണ്. പുരുഷന്മാരില് രോഗത്തിന്റെ തീവ്രത വര്‍ദ്ധിക്കുന്നത് പലപ്പോഴും വിദഗ്ധരേയും ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. പല സാധ്യതകളാണ് ഗവേഷകര്‍ ഇതുമായി ബന്ധപ്പെട്ട് മുന്നോട്ട് വയ്ക്കുന്നത്. ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയ അസുഖങ്ങള്‍ പുരുഷന്മാരിലാണ് കൂടുതലായി കാണുന്നത്. പുകവലി മറ്റൊരു ഘടകമാണ്. ഇവയെല്ലാം കൊറോണയുടെ കാഠിന്യം വര്‍ദ്ധിപ്പിക്കും. മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കുന്നത് സ്ത്രീകളുടെ ഉയര്‍ന്ന രോഗപ്രതിരോധ ശേഷിയാണ്. പുരുഷന്മാരിലും അധികമാണ് സ്ത്രീകളുടെ പ്രതിരോധ ശേഷി.
സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന് രോഗപ്രതിരോധ പ്രവര്‍ത്തനത്തെ അതിവേഗം ഉത്തേജിപ്പിക്കുന്നു. സാര്‍സ് കോവ് വൈറസ് എത്തുന്നത് തടയാന്‍ ഇവയ്ക്ക് ഒരു പരിധി വരെ കഴിയും. പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ രോഗം പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങളെ തടയുന്നു. അസുഖം പെട്ടന്ന് പിടിക്കാന്‍ ഇത് കാരണമാണ്. കൊറോണക്ക് പുറമെ മറ്റ് അസുഖങ്ങളുടെ കാര്യത്തിലും ഈസ്ട്രജന് സ്ത്രീകളെ വളരെയധികം സഹായിക്കുന്നുണ്ട്. ജനിതകപരമായ മാറ്റമാണ് അടുത്തത്. സ്ത്രീകള്‍ക്ക് രണ്ട് എക്സ് ക്രോമസോമുകള്‍ ഉള്ളതിനാല്‍ വേഗത്തില്‍ രോഗപ്രതിരോധ ശേഷി ഉണ്ടാകും. ഇതുവഴിയും രോഗപ്രതിരോധം വേഗത്തിലാകുന്നു.
അതേസമയം മുംബൈയില്‍ നടന്ന ഒരു സര്‍വ്വേയില്‍ പുരുഷന്മാരിലും അധികം കൊറോണ ആന്റിബോഡി സ്ത്രീകളില്‍ ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. പുരുഷന്മാരില് തീവ്ര ലക്ഷണങ്ങളോടെ അവ പുറത്ത് വരികയും, സ്ത്രീകളില്‍ രോഗപ്രതിരോധ ശേഷി കൊണ്ട് അസുഖം വേഗത്തില്‍ ഒഴിവായി മാറിയതാകാമെന്നും പഠനം പറയുന്നു. കൂടാതെ പല പുരുഷന്മാരും രോഗ ലക്ഷണങ്ങളെ അവഗണിക്കുകയും, ചികിത്സ തേടാന്‍ കാലതാമസം വരുത്തുകയും ചെയ്യുന്നുണ്ട്. ഇതും രോഗത്തിന്റെ തീവ്രത കൂടാനുള്ള ഒരു കാരണമാണ്.














