കൊറോണയെ പൊരുതി തോൽപ്പിച്ച് ഒടുവില്‍ കോന്‍ ബനേഗാ ക്രോര്‍പതി സെറ്റില്‍ തിരിച്ചെത്തി ബോളിവുഡ് താരം അമിതാഭ് ബച്ചന്. സോണി എന്റര്ടെയ്ന്മെന്റ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ ടെലിവിഷന്‍ ക്വിസ് ഷോയാണ് കോന്‍ ബനേഗാ ക്രോര്‍പതി. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചാണ് കോന്‍ ബനേഗാ ക്രോര്‍പതിയുടെ 12ാം സീസണ് ചിത്രീകരണം ആരംഭിച്ചത്.
സെറ്റില്‍ നിന്നും സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ചുള്ള ചിത്രങ്ങളും താരം ഇന്‍സ്റ്റയിലും ബ്ലോഗിലൂടെയും പങ്കുവെച്ചിട്ടുണ്ട്. കോന്‍ ബനേഗാ ക്രോര്‍പതി 12ാം സീസണ് സെറ്റില്‍ അമിതാഭ് ബച്ചന് സ്വന്തമായി ഒരു പ്രവേശന കവാടം തന്നെയുണ്ട്. ആ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഹസ്തദാനം നല്കാന് കഴിയാത്തതിന് പകരമായി താരവും ക്രൂ അംഗവും കൈമുട്ട് കുലുക്കുകയാണ് ചെയ്തത്. ബാക്ക്ഗ്രൗണ്ടിലുള്ള പച്ച സക്രീനിലാണ് ഹോട്ട് സീറ്റില്‍ ഇരിക്കുന്ന ബച്ചനെ മോക്ക് ഷൂട്ട് ചെയ്യുന്നത്.
ഇന്‍സ്റ്റഗ്രാമിലൂടെ അദ്ദേഹം ചിത്രീകരണ അനുഭവം പങ്കുവെച്ചിട്ടുണ്ട്. “ഇനി വീണ്ടും ജോലിയിലേയ്ക്ക്.. കോന്‍ ബനേഗാ ക്രോര്‍പതി 12.. 2000ല്‍ ആരംഭിച്ചു.. ഇപ്പോള്‍ വര്‍ഷം 2020. വര്‍ഷങ്ങള്‍ കടന്നുപോയി എന്നത് സങ്കല്പ്പിക്കാന് പോലും കഴിയുന്നില്ല.”- അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഷൂട്ടിംഗ് അനുഭവം അദ്ദേഹം തന്റെ ബ്ലോഗിലും മനസ്സുതുറന്നെഴുതി. “ഇത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇത്തരത്തിലുള്ള കാഴ്ച്ചകള്‍ കാണാനുള്ള സമയം ഇതല്ല. പക്ഷേ തിരച്ചറിഞ്ഞിരുന്ന മുഖങ്ങള്‍ ഇപ്പോള്‍ തിരിച്ചറിയാന്‍ കഴിയുന്നില്ല. ശരിയായ ആളുകളുമായി ഞങ്ങള്‍ ശരിയായ സ്ഥലത്താണോ എന്ന സംശയവും ഉണ്ട്.. എങ്കിലും ഞങ്ങള്‍ ആശയങ്ങള്‍ കൈമാറുന്നു. വളരെയധികം പരിചരണവും പരിഗണനയും നല്കുന്നു. ദുരന്തസമയങ്ങളില്‍ അവ എത്തുംമുന്‍പ് തന്നെ മുന്‍കരുതലുകള്‍ എടുത്തിരുന്നു. എന്നാല്‍ ഇത്തവണ രൂക്ഷമാണ്. ഇത് വ്യക്തിഗതമാണ്.”
ഈ ജൂലൈയിലാണ് അമിതാഭ് ബച്ചനും, മകന് അഭിഷേക് ബച്ചനും, മരുമകള്‍ ഐശ്വര്യ റായും, ചെറുമകള്‍ ആരാധ്യ ബച്ചനും കൊറോണ പോസിറ്റീവിനെ തുടര്‍ന്ന് മുംബൈയിലെ നാനാവതി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞത്. അമിതാഭ് ബച്ചന് 20 ദിവസത്തിലധികം ആശുപത്രിയില്‍ തങ്ങിയ ശേഷം ഫലം നെഗറ്റീവ് ആയ ശേഷം ഓഗസ്റ്റ് ആദ്യമാണ് വീട്ടിലേയ്ക്ക് മടങ്ങിയത്.
Comments