തൃശൂർ: ജനം ടിവിയിലെ മുന്നൂറോളം ജീവനക്കാരിൽ ഒരാൾ മാത്രമാണ് അനിൽ നമ്പ്യാരെന്നും വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ ജനം ടിവിയുടെ നിലവിലുള്ള ചുമതലകളിൽ നിന്ന് അനിൽ നമ്പ്യാർ മാറി നിൽക്കുമെന്നും ജനം ടിവി എം.ഡി. പി. വിശ്വരൂപൻ വ്യക്തമാക്കി. നമ്പ്യാർ ജനം ടിവിയുടെ ഓഹരി ഉടമ അല്ല, കോർഡിനേറ്റിംഗ് എഡിറ്റർ മാത്രമാണ്. ജനം ടിവി വെബ്സൈറ്റുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചാരണവും വ്യാജമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ജനം ടിവിയുടെ നേരത്തെ ഉണ്ടായിരുന്ന ഒരു വെബ്സൈറ്റും പിൻവലിച്ചിട്ടില്ല. ജനംടിവിയിൽ ആരൊക്കെ ഓഹരിയെടുത്തിട്ടുണ്ടെന്നുള്ള വിവരങ്ങൾ എല്ലാം രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. ഇതിനെപ്പറ്റി യാതൊരു വിവരവുമില്ലാത്തവരാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ ദുഷ്പ്രചാരണങ്ങൾ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട് കസ്റ്റംസ് അനിൽ നമ്പ്യാരെ വിളിപ്പിച്ച് മൊഴിയെടുത്തതിനെ തുടർന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അദ്ദേഹം മാറി നിൽക്കും. ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ നിന്ന് മുക്തനാകുമ്പോൾ അദ്ദേഹം തിരിച്ചെത്തുമെന്നും എം.ഡി. പി. വിശ്വരൂപൻ കൂട്ടിച്ചേർത്തു.
വിഷയത്തിൽ തന്നെപ്പറ്റിയുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതുവരെ ജനം ടിവി ഏൽപ്പിച്ച ഉത്തരവാദിത്വങ്ങളിൽ നിന്നും മാറി നിൽക്കുന്നുവെന്ന് അനിൽ നമ്പ്യാരും നേരത്തെ വ്യക്തമാക്കിയിരുന്നു.
Comments