ചോക്ലേറ്റ് ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്. കുട്ടികളെപ്പോലെ തന്നെ മുതിര്‍ന്നവര്‍ക്കും ചോക്ലേറ്റ് ഇഷ്ടമാണ്. എന്നാല്‍ ചോക്ലേറ്റ് ഇഷ്ടപ്പെടുന്ന ഭഗവാനെ കുറിച്ച് നാം കേട്ടിട്ടുണ്ടോ, എന്നാല്‍ അങ്ങനെ ഒരു ഭഗവാനുണ്ട്. മറ്റാരുമല്ല നമ്മുടെ മഞ്ച് മുരുകനാണ്. ആലപ്പുഴ ജില്ലയിലെ ചെമ്മോത്ത് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പ്രതിഷ്ഠയായ ബാലമുരുകന്‍ തന്നെയാണ് നമ്മുടെ മഞ്ചു മുരുകന്‍. ഒരു മഞ്ച് മാത്രം മതി ബാലമുരുകനെ സന്തോഷിപ്പിക്കാന്‍. മഞ്ച് കിട്ടി കഴിഞ്ഞാല്‍ പിന്നെ നമ്മുടെ മനസ്സിലെ ഏത് സങ്കടവും അകറ്റി നമ്മുടെ ആഗ്രഹം സാധിച്ചു തരും ഈ മഞ്ച് നുണയന്‍. ബാല മുരുകനില്‍ നിന്നും മഞ്ച് മുരുകനായിട്ട് അധികകാലമായിട്ടില്ല.
പഴയ ക്ഷേത്രം പുതുക്കി പണിതിട്ട് ഏകദേശം എട്ടു വര്‍ഷം ആകുന്നതേയുള്ളൂ. ബാല മുരുകന്‍ മഞ്ച് മുരുകന്‍ ആയതിനു പിന്നില്‍ ഒരു കഥയുണ്ട്. ഒരു കുട്ടിയുടെ മഞ്ച് നിവേദ്യത്തിന്റെ കഥ. ഒരു ദിവസം സുബ്രഹ്മണ്യ ക്ഷേത്ര പരിസരത്ത് കളിച്ചു കൊണ്ടിരിക്കുന്ന അന്യ ജാതിക്കാരനായ ഒരു കുട്ടി അറിയാതെ ക്ഷേത്രത്തിനകത്ത് പ്രവേശിച്ചു പോയി. ഇതറിഞ്ഞ കുട്ടിയുടെ മാതാപിതാക്കളും വീട്ടുകാരും കുട്ടിയെ അതിയായി ശകാരിക്കുകയും തല്ലുകയും ചെയ്തു. അതോടെ കുട്ടിയുടെ മാനസിക നില തകരാറിലാവുകയും കുട്ടി അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയും ചെയ്തു. ഇതു കണ്ടു പേടിച്ച മാതാപിതാക്കള്‍ ക്ഷേത്രത്തില്‍ വന്നു കാര്യം പറഞ്ഞു.
നമ്പൂതിരി കുട്ടിയോട് ഇഷ്ടമുള്ള എന്തെങ്കിലും ഒന്ന് വാങ്ങി കൊണ്ടു വന്ന് ബാലമുരുകന്റെ നടയില്‍ വച്ച് പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടു. കുട്ടികളുടെ മനസ്സില്‍ ആദ്യം ഓടിവരുന്നത് അവരുടെ ഇഷ്ടങ്ങളാണ് അതുകൊണ്ടു തന്നെ കുട്ടി വാങ്ങിക്കൊണ്ടു വന്നത് ഒരു മഞ്ചായിരുന്നു. മഞ്ച് വച്ചു പ്രാര്‍ത്ഥിച്ച ശേഷം കുട്ടിയുടെ എല്ലാ ആധികളും മാറി. ഇത് ആളുകളെ അത്ഭുതപ്പെടുത്തി. പിന്നെ ഓരോ ആളുകളും മഞ്ച് വെച്ച് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. അവര്‍ പ്രാര്‍ത്ഥിച്ച കാര്യങ്ങളെല്ലാം നടന്നതോടെ ബാലമുരുകന്‍ മഞ്ച് മുരുകനായി മാറി. അതോടെ ഭഗവാന്റെ ഇഷ്ട നിവേദ്യം മഞ്ചായി. മഞ്ച് മാലയും മുരുകനു ചാര്‍ത്താറുണ്ട്.















