മലയാള സിനിമാചരിത്രത്തിലെ ഏറ്റവും മികച്ച ക്രൈം ത്രില്ലർ എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന ‘അഞ്ചാം പാതിര’ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാൻ ഒരുങ്ങുകയാണ്. തിരുവോണദിനത്തിലാണ് അഞ്ചാം പാതിരയുടെ സംവിധായകൻ മിഥുൻ മാനുവൽ തോമസ് താൻ തന്നെ ചിത്രം ഹിന്ദിയിലും സംവിധാനം ചെയ്യുന്ന വിവരം അറിയിച്ചത്. മലയാള സിനിമയിൽ ഇതുവരെ ഇറങ്ങിയിട്ടുള്ള ക്രൈം ത്രില്ലറുകളുടെ കണക്കെടുക്കുമ്പോൾ ഏറ്റവും മികച്ചത് എന്ന പേര് വന്നിട്ടുള്ള ചിത്രമാണ് അഞ്ചാം പാതിര. അഞ്ച് ആഴ്ചയ്ക്കുള്ളിൽ അൻപത് കോടിയാണ് അഞ്ചാം പാതിരയ്ക്ക് ലഭിച്ചത്.
കുഞ്ചാക്കോ ബോബൻ, ഷറഫുദീൻ, ഉണ്ണിമായ, ശ്രീനാഥ് ഭാസി, ജിനു ജോസഫ്, ഇന്ദ്രൻസ്, രമ്യ നമ്പീശൻ തുടങ്ങിയവരാണ് അഞ്ചാം പാതിരയിൽ അഭിനയിച്ചിരുന്നത്. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ തന്നെയാണ് മലയാളത്തിൽ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സുഷിൻ ശ്യാമായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധായകൻ. ഷൈജു ശ്രീധരന്റെ എഡിറ്റിങ്ങും, ഷൈജു ഖാലിദിന്റെ ഛായാഗ്രഹണവും സിനിമയെ നല്ല രീതിയിൽ പ്രതിധ്വനിച്ചിരുന്നു. കുഞ്ചാക്കോ ബോബന്റെ ഡോ അൻവർ ഹുസൈൻ എന്ന ക്രിമിനൽ സൈക്കോളജിസ്റ്റിന്റെ കഥാപാത്രവും, ഷറഫുദീന്റെ ഡോ ബെഞ്ചമിൻ ലൂയിസ് എന്ന ക്രിമിനൽ കഥാപാത്രവും ഏറെ ജനശ്രദ്ധ നേടിയിരുന്നു.
എന്നാൽ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാൻ ഒരുങ്ങുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ഹിന്ദി റീമേക്കിന്റെ നിർമ്മാണം റിലയൻസ് എന്റർടെയിമെന്റും ആഷിക്ക് ഉസ്മാനും ചേർന്നാണ് നിർമ്മിക്കുന്നത് എന്നാണ് മിഥുൻ മാനുവൽ തോമസ് സോഷ്യൽ മീഡിയയിൽ കുറിച്ചിട്ടുള്ളത്. ഒപ്പം ചിത്രത്തിന്റെ നിർമ്മാണം സംബന്ധിച്ച് റിലയൻസ് എന്റർടെയിമെന്റിന്റെ ഫേസ്ബുക്ക് കുറിപ്പും മിഥുൻ പങ്കുവെച്ചിട്ടുണ്ട്.
Comments