മൂവാറ്റുപുഴ: വീടുകളുടെ ഗേറ്റുകളിലും മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളിലും കറുത്ത പ്ലാസ്റ്റിക് ടൈകള്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയതോടെ മൂവാറ്റുപുഴയില്‍ ആശങ്ക. നഗരസഭയിലെ ഒന്‍പത്, പത്ത് വാര്‍ഡുകളിലായി ഇരുപതോളം വീടുകളിലാണ് അസാധാരണ സംഭവം. സംഭവത്തിന് പിന്നിലെ ഉദ്ദേശ്യം വ്യക്തമാകാത്തതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. കാവുംകര, ഫ്രഷ് കോള, മാര്‍ക്കറ്റ് മേഖലകളിലെ വീടുകളിലാണ് ഗേറ്റുകളിലും വീടിനുള്ളില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകളുടെ ഹാന്‍ഡിലുകളിലും ബ്രേക്ക് ലിവറുകളിലും കറുത്ത പ്ലാസ്റ്റിക് ടൈകള്‍ കണ്ടെത്തിയത്.
ആദ്യം മാനസികാസ്വാസ്ഥ്യമുള്ള ആരെങ്കിലും ചെയ്തതാകാമെന്ന സംശയമുയര്‍ന്നെങ്കിലും സമാന സംഭവം ആവര്‍ത്തിച്ചതോടെ നാട്ടുകാരുടെ ആശങ്ക വര്‍ധിച്ചു. കാവുംകരയില്‍ അടുത്തടുത്തുള്ള ഒന്‍പത് വീടുകളുടെ ഗേറ്റുകളിലും വാഹനങ്ങളിലും പ്ലാസ്റ്റിക് ടൈകള്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയെന്നാണ് വിവരം. സിസിടിവി ക്യാമറകളുള്ള വീടുകള്‍ ഒഴിവാക്കി അകലെയുള്ള വീടുകളില്‍ സമാനമായ പ്രവൃത്തി നടത്തിയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇതോടെ സംഭവത്തിന് പിന്നില്‍ ആസൂത്രിത നീക്കമുണ്ടോയെന്ന സംശയവും ഉയരുന്നുണ്ട്.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
രാത്രി എട്ടിനും എട്ടരയ്‌ക്കുമിടയിലാണ് ഇരുപതോളം വീടുകളില്‍ സംഭവം നടന്നതെന്നാണ് ലഭ്യമായ വിവരം. മോഷണം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് മുന്നോടിയായുള്ള നീക്കമാണോ ഇതെന്നാണ് നാട്ടുകാര്‍ ആശങ്കപ്പെടുന്നത്. എന്നാല്‍, സംഭവത്തിന് പിന്നില്‍ മോഷണസംഘമാണെന്നതിന് നിലവില്‍ സ്ഥിരീകരണമില്ല. അജ്ഞാതര്‍ പ്ലാസ്റ്റിക് ടൈകള്‍ കെട്ടിയതിന്റെ കാരണം കണ്ടെത്താനും സംഭവത്തില്‍ ദുരൂഹത നീക്കാനുമുള്ള അന്വേഷണം പൊലീസ് തുടരുകയാണ്.















