ചില പഠനങ്ങൾ കണക്കിലെടുത്താൽ സവാളയെക്കാൾ പോഷകഗുണം സവാളയുടെ തൊലിക്കാണ് . ഒരു പക്ഷേ മറ്റേതൊരു പച്ചക്കറികളെക്കാളും ലോകമെമ്പാടും അടുക്കളയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു വസ്തുവായിരിക്കും സവാള . വെറും ഒരു പാഴ്വസ്തുവായി കളയുന്ന സവാള തൊലിക്ക് സവാളയെക്കാൾ പോഷകഗുണം ഉണ്ടെന്ന് കേട്ടാൽ പെട്ടെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടാവും . എന്നാൽ ഇത് വാസ്തവം തന്നെയാണ് .
സവാളയുടെ തൊലിയിൽ ധാരാളം ആന്റിഓക്സിഡന്റുകൾ , നാരുകൾ , വിറ്റാമിൻ എ , സി , ഇ , ഫ്ളാവാനോയിഡുകൾ അടങ്ങിയിട്ടുണ്ട് . അതിനാൽ തന്നെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും , ഹൃദയാരോഗ്യത്തിനും , രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സവാള തൊലിക്ക് കഴിയും എന്നാണ് പല പഠനങ്ങളും അവകാശപ്പെടുന്നത് .
ഇത്രയധികം ഗുണങ്ങൾ ഉള്ള സവാള തൊലി എങ്ങിനെയൊക്കെ ഉപയോഗിക്കാം എന്ന് നോക്കാം :
സൂപ്പുണ്ടാക്കുമ്പോൾ മറ്റു പച്ചക്കറികളുടെ കൂട്ടത്തിൽ സവാളത്തൊലിയും ഇട്ട് തിളപ്പിക്കുക . ഇങ്ങിനെ ചെയ്യുമ്പോൾ സൂപ്പിന് കട്ടി ലഭിക്കുകയും പ്രത്യേക നിറം ലഭിക്കുകയും സവാള തൊലിയിൽ അടങ്ങിയിട്ടുള്ള പോഷകങ്ങൾ സൂപ്പിലേക്കു ഇറങ്ങുകയും ചെയ്യുന്നു . സൂപ്പ് കുടിക്കുന്നതിന് മുൻപായി സവാള തൊലി എടുത്തു കളയാവുന്നതാണ് .
പുകച്ച സുഗന്ധവ്യഞ്ജനങ്ങൾ പാചകത്തിന് ഉപയോഗിക്കാറുണ്ട് . അതുപോലെ തന്നെ ഉള്ളി തൊലിയും ഒന്ന് പുകച്ചതിന് ശേഷം പൊടിച്ചു കറികളിൽ ചേർക്കാം .
സവാള തൊലി ചേർത്ത ചായ ആരും തന്നെ പരീക്ഷിച്ചു നോക്കിയിട്ടുണ്ടാവില്ല . ചായപൊടിയുടെയോ , ടീ ബാഗിന്റെയോ ഒപ്പം സവാള തൊലി കൂടി ചേർത്ത് ചായ ഉണ്ടാക്കിയാൽ , മനസ്സിന് കുളിർമ്മയും ആരോഗ്യവും പ്രദാനം ചെയ്യുന്ന നല്ലൊരു ചായ കുടിക്കാം .
ബിരിയാണി , പുലാവ് എന്നിവ ഉണ്ടാക്കുമ്പോൾ അല്പം സവാള തൊലി കൂടി വറത്തിടുന്നത് , ഭക്ഷണത്തിനു പ്രത്യേക രുചി സമ്മാനിക്കുന്നതാണ് .
ഓർക്കുക സവാള തൊലി വെറുമൊരു പാഴ്വസ്തുവല്ല , ഗുണങ്ങൾ ഏറെയുള്ള ഒരു പോഷകാഹാരമാണ് .















