ഇന്നസെന്റും സംഘവും ചേർന്നാലപിച്ച ‘സുനാമി’ എന്ന സിനിമയിലെ ‘സമാഗരിസ’ എന്ന ഗാനം ഏറെ ജനശ്രദ്ധ നേടിയിരിക്കുകയാണ്. സംവിധായകൻ ലാലും, ജൂനിയർ ലാലും ചേർന്നൊരുക്കുന്ന ‘സുനാമി’ എന്ന ചിത്രത്തിലെ പ്രോമോ ഗാനമാണ് സമാഗരിസ. ഇന്നസെന്റിന് പുറമെ ലാൽ, മുകേഷ്, സുരേഷ് കൃഷ്ണ, അജു വർഗീസ്, ബാലു, ഉണ്ണി കാർത്തികേയൻ, നേഹ എസ് നായർ എന്നിവരും ഈ ഗാനാലാപത്തിൽ പങ്കാളികളാണ്. ലാൽ തന്നെയാണ് ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത്. മമ്മൂട്ടി, മോഹൻലാൽ തുടങ്ങി ഇരുപതോളം പേരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്.
ഫാമിലി എന്റർടൈനറായി ഒരുക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത് ലാൽ ആണ്. പാണ്ട ഡാഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അലൻ ആന്റണിയാണ് ചിത്രത്തിന്റെ നിർമ്മാണം വഹിച്ചിരിക്കുന്നത്. യക്സൻ ഗാരി പെരേരയും, നേഹ എസ് നായരും ചേർന്നാണ് സുനാമിയിൽ സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. ഇന്നസെന്റ്, മുകേഷ്, അജു വർഗീസ്, ബാലു വർഗീസ്, സുരേഷ് കൃഷ്ണ, അരുൺ ചെറുകാവിൽ, സിനോൻ വർഗീസ്, ആരാധനാ ആൻ, ദേവി അജിത്, നിഷ മാത്യു, വത്സല മേനോൻ, സ്മിനു തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.
സുനാമിയിലെ ഈ പ്രൊമോ ഗാനം റിലീസായപ്പോൾ മുതൽ നല്ല പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ലാലിന്റെ ലളിതമായ വരികളും, വ്യത്യസ്തമായ ശൈലിയിലുള്ള സംഗീതവും, പാട്ടിന്റെ ഇടയിൽ വരുന്ന സംഭാക്ഷണങ്ങളും പ്രേക്ഷകരെ ഏറെ രസിപ്പിച്ചിരിക്കുകയാണ്. അലക്സ് ജെ പുളിക്കൽ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിൽ രതീഷ് രാജാണ് എഡിറ്റിങ്ങ് ചെയ്തിരിക്കുന്നത്. തൃശൂർ, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിലാണ് സുനാമിയുടെ ചിത്രീകരണം പൂർത്തീകരിച്ചിരിക്കുന്നത്.
Comments