ചർമ്മത്തിൽ വര പോലുള്ള പാടുകൾ വളരെ സാധാരണയായി കണ്ടു വരാറുള്ള ഒന്നാണ് . ശരീര ഭാരം കുറയുമ്പോഴോ , വളർച്ചയുടെ ഘട്ടത്തിലോ ഒക്കെയാണ് ശരീരത്തിൽ വര പോലുള്ള പാടുകൾ വരാറുള്ളത്. പ്രത്യേകിച്ച് അമിത വണ്ണമുള്ളവരിൽ അവരുടെ ശരീരം മെലിയുമ്പോഴും , പ്രസവാനന്തരം സ്ത്രീകളുടെ അടിവയർ , സ്തനങ്ങൾ , തുടകൾ , ഇടുപ്പ് എന്നിവിടങ്ങളിലും വര പോലുള്ള പാടുകൾ ഉണ്ടാവുക സർവസാധാരണമാണ് .
സ്ത്രീകളുടെയും പുരുഷന്മാരുടെയും ശരീരത്തിൽ വര പോലെയുള്ള പാടുകൾ ഉണ്ടാവാറുണ്ട് . ചിലപ്പോൾ കാലം കടന്ന് പോകുന്നതിനനുസരിച്ചു ഈ പാടുകൾ മാഞ്ഞു പോവുകയോ, എടുത്തു കാണാത്ത വിധം നിറം മങ്ങുകയോ ചെയ്യാം . ഇത്തരത്തിൽ ശരീരത്തിൽ ഉണ്ടാകുന്ന പാടുകൾ ഹാനികരമല്ലെങ്കിലും ഒരു വ്യക്തിയുടെ ആത്മവിശ്വാസം കുറയ്ക്കുകയോ അവരെ അസ്വസ്ഥരാക്കുകയോ ചെയ്യാം . അതിനാൽ തന്നെ ഈ പാടുകൾ ഒഴിവാക്കാൻ ചില പ്രകൃതിദത്ത പരിഹാര മാർഗ്ഗങ്ങൾ ഉപയോഗിക്കാം .
ബ്ലീച്ചിങ് ഗുണങ്ങൾ ധാരാളം ഉള്ള നാരങ്ങ നീര് വര പോലെ പാടുള്ള ശരീര ഭാഗങ്ങളിൽ നിത്യവും പുരട്ടുന്നത് മൂലം പാടുകളുടെ നിറം മങ്ങുകയും ക്രമേണ മാഞ്ഞു പോവുകയും ചെയ്യും .
ഒരുപാട് ഔഷധ ഗുണങ്ങൾ ഉള്ള സസ്യമാണ് കറ്റാർ വാഴ . കറ്റാർ വാഴയുടെ നീര് ശരീരത്തിൽ തേച്ചു പിടിപ്പിച്ചതിന് ശേഷം കഴുകി കളയുക . ഇങ്ങിനെ ചെയ്യുന്നത് മൂലം ചർമ്മം മൃദുവാകുകയും ശരീരത്തിലെ പാടുകളുടെ കാഠിന്യം കുറക്കാൻ സഹായിക്കുകയും ചെയ്യും .
ചർമ്മകാന്തി നിലനിർത്താൻ കഴിയുന്ന ഉത്തമ വസ്തുവാണ് വെളിച്ചെണ്ണ . ഇത് ദിനവും ശരീരത്തിൽ പുരട്ടി കുളിക്കുന്നത് ചർമ്മത്തിന് വരൾച്ച ഉണ്ടാകാതെ സംരക്ഷിക്കുകയും , ചർമ്മത്തെ മൃദുവായി വെക്കുകയും ഒപ്പം ആത്മവിശ്വാസം കെടുത്തുന്ന പാടുകൾക്ക് ശമനം ഉണ്ടാക്കുകയും ചെയ്യും .
മുട്ടയുടെ വെള്ളയിൽ ധാരാളം പ്രോടീനും അമിനോ ആസിഡും അടങ്ങിയിരിക്കുന്നതിനാൽ , ശരീരത്തിലെ പാടുകൾ മായ്ക്കാൻ മുട്ടയുടെ വെള്ള പുരട്ടുന്നത് ഉത്തമ പരിഹാരമാണ് .
ധാരാളം ഔഷധ ഗുണങ്ങൾക്ക് പേര് കേട്ട ഒന്നാണ് ഒലിവ് എണ്ണ . ഒന്നാന്തരം മോയിചറൈസർ ആയി പ്രവർത്തിക്കുന്ന ഒലിവ് എണ്ണ , നല്ലൊരു ആന്റിഓക്സിഡന്റ് കൂടി ആയതിനാൽ ശരീരത്തിൽ ഉണ്ടാവുന്ന അനാവശ്യ പാടുകൾ പെട്ടെന്ന് തന്നെ മായ്ച്ചു കളയുന്നതാണ് .
ആൽമണ്ട് എണ്ണയും വെളിച്ചെണ്ണയും സമം ചേർത്ത് ചർമ്മത്തിൽ പുരട്ടുന്നത് പാടുകൾ നീക്കം ചെയ്യാൻ ഉത്തമമാണ് .
ഉരുളക്കിഴങ്ങിന്റെ നീരിൽ ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കാൻ കഴിവുള്ള ഘടകങ്ങൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ , ദിനവും ഉരുളക്കിഴങ്ങിന്റെ നീര് പുരട്ടുന്നത് ശരീരത്തിലെ പാടുകൾ , കണ്ണിനു താഴെ വീഴുന്ന കറുപ്പ് നിറം എന്നിവക്ക് ഏറ്റവും നല്ല മരുന്നാണ് .
ചർമ്മത്തിൽ ഉണ്ടാവുന്ന പാടുകൾ മായ്ക്കാൻ രാസവസ്തുക്കൾ അടങ്ങിയ ക്രീമുകൾ പുരട്ടുന്നതിനേക്കാൾ ആരോഗ്യകരവും ഒട്ടും തന്നെ ഹാനികരവുമല്ലാത്ത പ്രകൃതിദത്ത പരിഹാരമാർഗ്ഗങ്ങൾ ഉപയോഗിക്കുന്നതാണ് ഉത്തമം .















