ഏകദേശം ഒരു പതിനഞ്ച് ഇരുപത് കൊല്ലം മുമ്പ് വരെ ച്യവനപ്രാശം പ്രായഭേദമന്യേ കഴിക്കുന്നത് ഒരു ശീലം തന്നെയായിരുന്നു . അധികമൊന്നും മാദ്ധ്യമങ്ങൾ ഇല്ലാതിരുന്ന കാലഘട്ടത്തിൽ നിത്യവും പരസ്യങ്ങളിൽ നിറഞ്ഞു നിന്നിരുന്ന ഒരു വിഭവം കൂടിയായിരുന്നു ച്യവനപ്രാശം . കറുത്ത നിറത്തിൽ ഒട്ടിപിടിക്കുന്ന ച്യവനപ്രാശം രുചികരമല്ലെങ്കിലും നിത്യേനെ ഒരു സ്പൂൺ കഴിക്കുക എന്നത് നിർബന്ധമുള്ള കാര്യമായിരുന്നു . ച്യവനപ്രാശം വീണ്ടും ചർച്ചകളിൽ നിറഞ്ഞത് കൊറൊണ മഹാമാരിയെ ചെറുത് തോൽപ്പിക്കാൻ ആയി രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ച്യവനപ്രാശം എന്ന ഔഷധം കഴിക്കാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതോട് കൂടിയാണ് .
സന്യാസി ശ്രേഷ്ഠനായിരുന്ന ച്യവൻ ആണ് ആദ്യം ആയുസ്സിനും , യുവത്വത്തിനും വേണ്ടി പ്രത്യേക രീതിയിൽ തയ്യാറാക്കിയ കറുത്ത ഔഷധ കൂട്ടുണ്ടാക്കിയത് . പ്രാശം എന്നാൽ സംസ്കൃതത്തിൽ അർഥം വരുന്നത് പ്രത്യേക രീതിയിൽ തയ്യാറാക്കിയ ഭക്ഷണം എന്നാണ് . അങ്ങിനെ സന്യാസിയായ ച്യവനന്റെ പേരും പ്രാശം എന്ന വാക്കും ചേർത്ത് ച്യവനപ്രാശം എന്ന് ആ ഔഷധക്കൂട്ടിന് നാമം നൽകി .
ച്യവനപ്രാശത്തിൽ അടങ്ങിയിരിക്കുന്ന അൻപതു ഔഷധക്കൂട്ടുകളിൽ ചിലത് നെല്ലിക്ക , തേൻ , ഏലക്ക , കറുവാപ്പട്ട , ഗ്രാമ്പൂ , അശ്വഗന്ധ , ശതാവരി എന്നിവയാണ് . ഔഷഗുണങ്ങളാൽ നിറഞ്ഞ ച്യവനപ്രാശം കഴിക്കുന്നത് മൂലം ഉണ്ടാകുന്ന ഗുണഫലങ്ങൾ ഇവയൊക്കെയാണ്
ദഹന പ്രക്രിയയെയും വിസർജ്ജന പ്രക്രിയയെയും ച്യവനപ്രാശം കഴിക്കുന്നത് ഉത്തേജിപ്പിക്കുകയും തന്മൂലം ആമാശയത്തിൽ അടിഞ്ഞു കിടക്കുന്ന വിസർജ്യവസ്തുക്കളെ പുറംതള്ളാൻ സഹായിക്കുകയും ചെയ്യുന്നു .
ച്യവനപ്രാശം കഴിക്കുന്നത് ഓക്കാനം , ശർദ്ധി , പുളിച്ചു തികട്ടൽ , അജീർണം ,വായു എന്നിവയെ ശമിപ്പിക്കുന്നു .
ആമാശയ വീക്കം , കുടലിൽ വൃണം , മറ്റു ഉദരരോഗങ്ങൾ , ദഹനപ്രക്രിയ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് ച്യവനപ്രാശം കഴിക്കുന്നത് സഹായകമാണ് .കൂടാതെ ച്യവനപ്രാശം കഴിക്കുന്നത് മൂലം ശ്വസനവ്യവസ്ഥയിൽ ആവശ്യത്തിനുള്ള ജലാംശം നിലനിർത്തുകയും ചെയ്യുന്നു .
കാലാവസ്ഥ വ്യതിയാനങ്ങളുടെ ഭാഗമായോ അല്ലാതെയോ ഉണ്ടാകുന്ന ചുമ , ആസ്ത്മ , ശ്വാസനാളത്തിൽ ഉണ്ടാകുന്ന രോഗം എന്നിവയുടെ കാഠിന്യം കുറക്കുകയും അതുവഴി ശ്വസനവ്യവസ്ഥക്ക് ആരോഗ്യം നൽകുകയും ചെയ്യുന്നു .
ശ്വാസകോശ സംബന്ധമായ അണുബാധകൾ, ജലദോഷം, ക്ഷയം എന്നിവ പരിഹരിക്കുന്നതിനും ച്യവനപ്രാശം ഉപയോഗപ്രദമാണ്. ച്യവനപ്രാശം കഴിക്കുന്നത് മൂലം തലച്ചോറിലെ കോശങ്ങളെ ഉത്തേജിപ്പിക്കുകയും തന്മൂലം തലച്ചോറും ശരീരത്തിലെ മറ്റു അവയവങ്ങളുമായുള്ള പ്രവർത്തനത്തെ ഏകോപിപ്പിക്കുകയും ആരോഗ്യം നിലനിർത്തുകയും ചെയ്യുന്നു . കൂടാതെ ഓർമ്മശക്തി, പഠന ശേഷി , ബുദ്ധിശക്തി എന്നിവ വർദ്ധിപ്പിക്കുകയും ചെയ്യുന്നു .
ച്യവനപ്രാശം കഴിക്കുന്നത് നാഡീവ്യവസ്ഥയുടെ പ്രവർത്തനത്തെ സ്വാധീനിക്കുന്നത് മൂലം ഉത്കണ്ഠയും , സമ്മർദ്ദവും മൂലം ഉണ്ടാകുന്ന മാനസിക പ്രശ്നങ്ങൾ ഒഴിവാക്കുകയും നന്നായി ഉറങ്ങാൻ സഹായിക്കുകയും ചെയ്യുന്നു .
ച്യവനപ്രാശത്തിൽ അടങ്ങിയിരിക്കുന്ന വസ്തുക്കൾക്ക് സമ്മർദ്ദം കുറക്കാനുള്ള കഴിവും , യുവത്വം നിലനിർത്താനുള്ള കഴിവും , ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിരിക്കുന്നതിനാലും , കാൻസർ തടയാനുള്ള കഴിവുകൾ ഉള്ളതിനാലും ,സ്ഥിരമായി കഴിക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും ആരോഗ്യവും യുവത്വവും നിലനിർത്തുകയും ചെയ്യുന്നു .















